സലൂണ്‍ സ്പായിലെ ആക്രമണം; രണ്ടാംപ്രതി പിടിയില്‍
1594303
Wednesday, September 24, 2025 7:07 AM IST
പേരൂര്‍ക്കട: സലൂണിലെ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടാംപ്രതിയെ വഞ്ചിയൂര്‍ പോലീസ് പിടികൂടി. വാഴിച്ചാല്‍ പന്ത കാളാട്ടുകാവ് റോഡരികത്തു വീട്ടില്‍ ഇ. അരുണ്‍ (24) ആണ് പിടിയിലായത്. ഓഗസ്റ്റ് 24ന് വൈകുന്നേരം ആറോടെ വഞ്ചിയൂര്‍ സ്റ്റേഷന് പരിധിയില്‍ കുന്നുംപുറത്ത് പ്രവര്‍ത്തിക്കുന്ന മെറാക്കി യൂണിസെക്സ് സലൂണ്‍ സ്പായിലായിരുന്നു ആക്രമണവും പിടിച്ചുപറിയും.
സ്ഥാപനത്തിലെത്തിയ രണ്ടംഗസംഘം കളക്ഷന്‍ ആവശ്യപ്പെട്ടു. ഇതു നിരസിച്ചതിനു സ്ഥാപന ഉടമയായ ശ്രീകാര്യം സ്വദേശി അനന്തുവിനെയും സഹപ്രവര്‍ത്തകരെയും പ്രതികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈകള്‍കൊണ്ടു ശരീരത്തില്‍ ഇടിക്കുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്ത പ്രതികള്‍ ഉടമയുടെ കൈവശമുണ്ടായിരുന്ന രണ്ടു സ്മാര്‍ട്ട് ഫോണുകള്‍ കൈക്കലാക്കി.
തുടർന്നു സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയും മോഷ്ടിച്ചു. കൂടാതെ തിരിച്ചറിയല്‍ രേഖയും മേശമേലുണ്ടായിരുന്ന മറ്റുരണ്ടു മൊബൈല്‍ഫോണുകളും കവര്‍ന്ന സംഘം ഇവിടെനിന്നു രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഒന്നാംപ്രതിയും അരുണിന്റെ അയല്‍വാസിയുമായ അനന്തു (26) നേരത്തെ പിടിയിലായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവില്‍ ഒളിവില്‍ക്കഴിഞ്ഞുവന്ന അരുണിനെ ഡല്‍ഹിയില്‍നിന്നാണ് പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ ശംഖുംമുഖം എസി അനുരൂപിന്റെ നിർദേശപ്രകാരം വഞ്ചിയൂര്‍ സിഐ ഷാനിഫ്, എസ്ഐ അലക്സ്, എസ്സിപിഒ ബിനോയി, ജോസ് എന്നിവര്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.