അസംഘടിത തൊഴിലാളികളുടെ ഇടയിൽ കെഎൽഎമ്മിന്റെ പ്രവർത്തനം ശ്ലാഘനീയം: യൂഹാനോൻ മാർ ക്രിസോസ്റ്റം
1594289
Wednesday, September 24, 2025 6:54 AM IST
നെടുമങ്ങാട്: അസംഘടിത തൊഴിലാളികളുടെ ഇടയിൽ കേരള ലേബർ മൂവ്മെന്റ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പത്തനംതിട്ട രൂപത മുൻ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം.
സഭയിലെയും സമൂഹത്തിലെയും പാവപ്പെട്ടവരെ കണ്ടെത്തി സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളിലും സ്വയം തൊഴിൽ മേഖലകളിലും അവരെ കൈപിടിച്ചുയർത്തുന്നത് അഭിനന്ദനാർഹമാണ്. കേരളാ ലേബർ മൂവ്മെന്റിന്റെ സഹായത്തിലും കെടിഡബ്ല്യുഎഫും കെഎൽഎം നെടുമങ്ങാട് വൈദിക ജില്ലയും സംയുക്തമായി അഞ്ച് ഇടവകകളിലെ പാവപ്പെട്ട വനിതകൾക്ക് തയ്യൽ മെഷീൻ നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വെള്ളൂർക്കോണം ലാസലേത്ത് മാതാ പള്ളി തിരുനാളിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ കെഎൽഎം നെടുമങ്ങാട് വൈദിക ജില്ലാ പ്രസിഡന്റ് ബിനു നെടുമങ്ങാട് അധ്യക്ഷത വഹിച്ചു. കെഎൽഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈൻ മുണ്ടേല, നെടുമങ്ങാട് വൈദിക ജില്ലാ ഡയറക്ടറും ഇടവക വികാരിയുമായ റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്, ഇടവക ട്രസ്റ്റി അനിൽ വെള്ളൂർക്കോണം തുടങ്ങിയവർ പ്രസംഗിച്ചു.
അഞ്ച് വനിതകൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്യുകയും ഇടവകയിലെ ആദ്യകുർബാന സ്വീകരിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു.