ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്: ശസ്ത്രക്രിയ വിജയകരമാക്കി കിംസ്ഹെൽത്ത്
1594628
Thursday, September 25, 2025 6:10 AM IST
തിരുവനന്തപുരം: ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോര്‍ട്ടയുടെ ഭിത്തിയില്‍ വിള്ളലുണ്ടാകുന്ന "അയോര്‍ട്ടിക് ഡിസെക്ഷന്‍’ എന്ന ഗുരുതര രോഗം ബാധിച്ച 49കാരനില്‍ അപൂര്‍വ "ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്’ ശസ്ത്രക്രിയ വിജയകരമാക്കി കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം.
അയോര്‍ട്ടയിലുണ്ടായ വിള്ളലിനു കാന്‍പൂര്‍ സ്വദേശിയായ രോഗി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും തുടര്‍ന്നു നടത്തിയ സിടി സ്കാന്‍ പരിശോധനയിൽ അയോര്‍ട്ടയുടെ മറ്റൊരു ഭാഗത്തു പുതിയ വിള്ളല്‍ ഉണ്ടായതായി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാജി പാലങ്ങാടന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം, സങ്കീര്‍ണ തൊറാസിക് അയോര്‍ട്ടിക് ഡിസെക്ഷനുകള്‍ക്കുള്ള നൂതന ചികിത്സയായ "ഫ്രോസണ്‍ എലിഫന്റ് ട്രങ്ക്’ ശസ്ത്രക്രിയ തിരഞ്ഞെടുക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷം ഒരു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ രോഗിയെ പിന്നീട് റൂമിലേക്ക് മാറ്റി. കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. വിപിന്‍ ബി. നായര്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. സൈന സൈനുദ്ദീന്‍, കാര്‍ഡിയോതൊറാസിക് അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. എസ്. സുഭാഷ്, ഡോ. അനില്‍ രാധാകൃഷ്ണ പിള്ള എന്നിവരും എട്ടു മണിക്കൂര്‍ നീണ്ട ഈ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.