മകന്റെ കൈയിൽനിന്നു വസ്തു വാങ്ങി : ഗൃഹനാഥനെ പുറത്താക്കാൻ വയോധിക ക്വട്ടേഷൻ നൽകി: ഏഴുപേർ പിടിയിൽ
1594291
Wednesday, September 24, 2025 6:54 AM IST
വിഴിഞ്ഞം : മകന്റെ കൈയിൽ നിന്ന് വീടും വസ്തുവും വാങ്ങിയ ഗൃഹനാഥനെ വീട്ടിൽ നിന്നു പുറത്താക്കാൻ വയോധികയുടെ വക ക്വാട്ടേഷൻ. ഉത്തരേന്ത്യൻ അതിഥി തൊഴിലാളികളെയും കൂട്ടിയെത്തിയ സംഘം ഗുഹനാഥന്റെ കൈയും കാലും തല്ലിയൊടിച്ച് അവശനിലയിലാക്കി. സംഭവവുമായി ബന്ധപ്പെട്ട് വയോധിക ഉൾപ്പെടെ ഏഴു പേരെ വിഴിഞ്ഞം അറസ്റ്റ് ചെയ്തു.
വിഴിഞ്ഞം ഉച്ചക്കട ആർ.സി. ഭവനിൽ ചന്ദ്രിക (67), ഇവരുടെ ക്വട്ടേഷൻ ഏറ്റെടുത്ത് കൃത്യം നടത്തിയ കോട്ടുകാൽ ഉച്ചക്കട സുനിൽ ഭവനിൽ സന്തോഷ് എന്ന സുനിൽകുമാർ (46), കാഞ്ഞിരംകുളം മല്ലൻ കുളം ചുണ്ടയിൽപേട്ട് കടയാറ പുത്തൻവീട്ടിൽ ഷൈജു എന്ന സുനിൽ (41), കാഞ്ഞിരംകുളം സിഎസ്ഐ പള്ളിക്ക് സമീപം പുളിനിന്നവീട്ടിൽ രാകേഷ് (29), ഉച്ചക്കട ഫോക്കസ് ട്യൂഷൻ സെന്ററിനു സമീപം എസ്.എസ്. നിവാസിൽ അനൂപ് (29), ഛാർഖണ്ഡ് സ്വദേശികളായ ഭഗത്കുമാർ (25), ശശികുമാർ (18) എന്നിവരാണ് പിടിയിലായത്.
ഇവരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉച്ചക്കട പുലിവിള ആർ.സി. ഭവനിൽ വിശ്വാമിത്ര(61) നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഗുണ്ടാ സംഘത്തിന്റെ മുഖംമൂടി ആക്രമണം നടന്നത്. പോലീസ് പറയുന്നതിങ്ങനെ; ചന്ദ്രികയുടെ ഭർത്താവ് ഇരുനില വീടും 33 സെന്റ് വസ്തുവും മകൻ ഷാനിന്റെ പേരിൽ എഴുതി നൽകിയിരുന്നു.
എന്നാൽ ഷാനിന്റെ കൈയിൽനിന്നും വസ്തുവും വീടും മൂന്നു കോടിയോളം രൂപക്കു വിശ്വാമിത്രൻ വിലയ്ക്കു വാങ്ങിയത് ചന്ദ്രിക അറിഞ്ഞിരുന്നില്ല. വിശ്വാമിത്രനും കുടുംബവും ഈ വീട്ടിൽ താമസിക്കാൻ എത്തിയതോടെയാണ് ചന്ദ്രിക പ്രശ്നങ്ങളുമായി എത്തിയത്. ഒരു മുറി കൈയ്യേറിയ വയോധിക വിശ്വാമിത്രന്റെ പേരിലായ വീട്ടിൽ താമസവും ആരംഭിച്ചു.
എന്നാൽ ചന്ദ്രികയെ ഒഴിപ്പിക്കണമെന്നും താമസിക്കാൻ പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് നൽകിയ വിശ്വാമിത്രൻ അനുകൂല വിധിയും നേടി. ഇതിനെതിരെ ഹൈക്കോടതിയിൽ നിയമപോരാട്ടത്തിനിറങ്ങിയ ചന്ദ്രിക, വിശ്വാമിത്രൻ നേടിയ അനുകൂല വിധിയെ ഇല്ലാതാക്കി. ഇതോടെ വിശ്വാമിത്രനെ പുറത്താക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ ചന്ദ്രിക അയൽവാസിയായ സുനിൽ കുമാറിനെ കൂട്ടുപിടിച്ച ഒഴിപ്പിക്കാനുള്ള ഗൂഡാലോചനകളും നടത്തി. വിശ്വാമിത്രനെ തല്ലിയിറക്കുന്നതിന് ഒരു ലക്ഷം രൂപ പണമായും 25,000 രൂപ ഗൂഗിൽ പേ ആയും സുനിൽ കുമാറിനു നൽകുകയും ചെയ്തു.
പയറ്റു വിളയിൽ മറ്റൊരു വീടുള്ളതിനാൽ വിശ്വാമിത്രന്റെ ഭാര്യ പകൽ സമയങ്ങളിൽ അങ്ങോട്ട് പോവുക പതിവായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചര യോടെ വിശ്വാമിത്രന്റെ ഭാര്യ പുറത്ത് പോയ തക്കം നോക്കി ചന്ദ്രിക കൂട്ടാളികളെ വിളിച്ചുവരുത്തുകയും അക്രമം നടത്തുകയുമായിരുന്നു.
അക്രമികളെ കണ്ട് ഓടിരക്ഷപ്പെടാതിരിക്കാൻ മുൻവശത്തെ വാതിൽ അകത്തുനിന്നു പൂട്ടിയ ചന്ദ്രിക ക്വട്ടേഷൻ സംഘത്തിനായി പുറകു വശത്തെ വാതിൽ തുറന്നിടുകയും ചെയ്തു. അവിടെയുണ്ടായിരുന്ന സിസിടിവി കാമറകൾ നശിപ്പിച്ച സംഘം വിശ്വാമിത്രൻ ഉറങ്ങിക്കിടന്ന മുറി ചവിട്ടിത്തുറന്ന് അകത്തുകയറിശേഷം ഇരുകൈകളും കാലും തല്ലിയൊടിക്കുകയും ചെയ്തു. അടിവയറ്റിൽ ചവിട്ടും മർദനവുമേറ്റ് അവശനായ വിശ്വാമിത്രനെ സ്വന്തം വാഹനത്തിൽ തള്ളിക്കയറ്റിയസംഘം ഒടിഞ്ഞ കൈയുമായി കാറ് ഓടിച്ച് പോകാൻ നിർബന്ധിച്ചു.
ജീവൻ ഭയന്ന ഇയാൾ കാർ ഓടിച്ച് അര കിലോമീറ്റർ അപ്പുറം മകൻ താമസിക്കുന്ന പുന്ന വിളയിൽ എത്തി. ഇതിനിടയിൽ അബോധാവസ്ഥയിലായ വിശ്വാമിത്രൻ കാറിനുള്ളിൽ കിടന്നു. ബോധം തെളിഞ്ഞ ശേഷം ഇയാളുടെ വിളികേട്ട് മകൻ എത്തിയപ്പോഴാണ് മുഖംമൂടി ആക്രമണം പുറത്തറിഞ്ഞത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം സിഐ പ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രികയും കൂട്ടാളികളും അകത്തായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.