വിതുര ഐസറിലെ ഹൗസ് കീപ്പിംഗ് തൊഴിലാളികൾ പണിമുടക്കി
1594639
Thursday, September 25, 2025 6:20 AM IST
വിതുര: വിതുര ഐസറിലെ ഹൗസ് കീപ്പിംഗ് തൊഴിലാളികൾ നടത്തിവന്ന റിലേ സത്യഗ്രഹ സമരം പണിമുടക്കിൽ അവസാനിച്ചു. വെട്ടികുറച്ച തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിക്കുക, കെട്ടിടങ്ങൾ വർധിക്കുന്നതിന് അനുസരിച്ച് തൊഴിലാളികളെ നിയമിക്കുക, തൊഴിലാളികളോടുള്ള സമീപനത്തിൽ മറ്റം വരുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഐസറിലെ എല്ലാ വിഭാഗം തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു.
സിപിഎം വിതുര ഏരിയാ കമ്മിറ്റി അംഗം എ. സനിൽകുമാർ പണിമുടക്ക് സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആനപ്പാറ വിഷ്ണു അധ്യക്ഷത വഹിച്ചു. ബിഎംഎസ് പാലോട് മേഖലാ പ്രസിഡന്റ് പ്രസേനൻ സ്വാഗതംപറഞ്ഞു.സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. സുകുമാർ, വെള്ളനാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ബി.എൽ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
തൊഴിലാളി പ്രതിനിധികളുമായി പലതവണ ഐസർ ഡയറക്ടർ ചർച്ച നടത്തി. തൊഴിലാളികൾ ഉന്നയിച്ച കാര്യങ്ങൾക്കു പരിഹാരം കാണാതെ സമരത്തിൽനിന്നു പിൻമാറില്ലെന്നു തൊഴിലാളികളും പ്രതിനിധികളും ഉറച്ചു നിന്നു. ഒടുവിൽ തൊഴിലാളികൾ ഉന്നയിച്ച കാര്യങ്ങൾ നടപ്പിലാക്കാമെന്നു ചർച്ചയിൽ ധാരണയായി. തുടർന്നു തൊഴിലാളികൾ ആഹ്ലാദപ്രകടനം നടത്തി.