ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസം: രണ്ടാംഘട്ട പദ്ധതി രൂപീകരണവും പരിശീലനവും നടത്തി
1594164
Wednesday, September 24, 2025 5:12 AM IST
കൽപ്പറ്റ: കാരിത്താസ് ഇന്ത്യയുടെ സാന്പത്തിക സഹായത്തോടെ കേരള സോഷ്യൽ സർവീസ് ഫോറം, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ശ്രേയസ് ബത്തേരി, ജീവന കോഴിക്കോട്, സിഒഡി താമരശേരി എന്നീ സാമൂഹ്യ സേവന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പുഞ്ചിരിമട്ടം, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസം രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമായി.
ദുരന്തങ്ങളെ മുന്നിൽകണ്ട് അവയെ ഫലപ്രദമായി നേരിടാനുമുള്ള ശേഷി വർധിപ്പിക്കുക, ഉപജീവനസുരക്ഷ, മാനസികസാമൂഹിക ക്ഷേമം, സാമൂഹ്യാധിഷ്ഠിത ദുരന്ത അപകടസാധ്യതാ ലഘൂകരണം എന്നീ ലക്ഷ്യങ്ങളിൽ ഊന്നി രണ്ടുവർഷം നീണ്ടു നിൽക്കുന്ന ബൃഹത് പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതി വയനാട് ജില്ലയിലെ മേപ്പാടി ഉൾപ്പെടെ ഏഴ് ഗ്രാമപ്പഞ്ചായത്തുകളിലും കോഴിക്കോട് ജില്ലയിലെ രണ്ട് ഗ്രാമപ്പഞ്ചായത്തുകളിലുമായി നടപ്പാക്കും.
ഈ പദ്ധതിയുടെ പദ്ധതിരേഖ പരിചയപ്പെടുത്തുന്നതിന് രണ്ട് ദിവസത്തെ പരിശീലനം ബത്തേരി ശ്രേയസിൽ നടന്നു. കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ബെന്നി എടയത്ത് ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ അധ്യക്ഷത വഹിച്ചു. ശ്രേയസ് ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കൽ, സ്റ്റേറ്റ് ഓഫീസർ അബീഷ് ആന്റണി, ഡബ്ല്യുഎസ്എസ്എസ് പ്രോഗ്രാം ഓഫീസർ പി.എ. ജോസ് എന്നിവർ പ്രസംഗിച്ചു.
പരിശീലനത്തിന് കാരിത്താസ് ഇന്ത്യ ക്ലൈമറ്റ് ഡെസ്ക് ലീഡ് ഡോ.വി.ആർ. ഹരിദാസ്, ഡോ. ദിലീഷ് വർഗീസ്, ഫിനാൻസ് ഓഫീസർ ജാൻസി മാത്യു, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അബീഷ് ആന്റണി എന്നിവർ നേതൃത്വം നൽകി.
2024 ജൂലൈ 30ന് സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് കേരളാ കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) ആഭിമുഖ്യത്തിൽ പുനരധിവാസ ഭവനനിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെട്ട ഒന്നാംഘട്ട പ്രവർത്തനങ്ങൾ അന്ത്യഘട്ടത്തിൽ നടന്നുവരികയാണ്.