മുനീശ്വരന്‍കുന്നിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു
1594624
Thursday, September 25, 2025 5:40 AM IST
മാനന്തവാടി: തലപ്പുഴ പുതിയിടം മുനീശ്വരന്‍കുന്നിനെ വടക്കേ വയനാട്ടിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ഹരിത ടൂറിസം കേന്ദ്രം പ്രഖ്യാപനവും സാനിറ്ററി നാപ്കിന് ഇന്‍സിനിനേറ്റര്‍ ഉദ്ഘാടനവും തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് നിര്‍വഹിച്ചു. നോര്‍ത്ത് വയനാട് ഡിഎഫ്ഒ സന്തോഷ്കുമാര്‍, ഹരിത കേരള മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമുദ്രനിരപ്പില്‍നിന്ന് 3,355 അടി ഉയരത്തിലാണ് മുനീശ്വരന്‍കുന്ന്. ഇവിടെനിന്നുള്ള പ്രകൃതിദൃശ്യം ഹൃദ്യമാണ്. മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും മനോഹര കാഴ്ച മുനീശ്വരന്കുന്നിന്റെ സവിശേഷതയാണ്. ചെറിയ പുല്ലുകളും വൈവിധ്യമാര്‍ന്ന ഔഷധസസ്യങ്ങളും നിറഞ്ഞ പുല്‍മേടിലൂടെയാണ് മുനീശ്വരന്കുന്നിലേക്കുള്ള ഹൈക്കിംഗ് പാത. ആന, കടുവ, പുള്ളിപ്പുലി, കാട്ടുനായ, മാന്‍ തുടങ്ങിയവയുടെ ആവാസ കേന്ദ്രമാണിവിടം.
മുനീശ്വരന്‍കുന്നിലെ മുനീശ്വരന്‍ കോവില്‍ നൂറുകണക്കിന് വര്‍ഷം പഴക്കമുള്ളതാണ്. മലയാളമാസത്തിലെ "തിരുവാതിര’ നാളില്‍ മാസത്തിലൊരിക്കല്‍ മാത്രമാണ് ക്ഷേത്രം തുറക്കുന്നത്. തവിഞ്ഞാല്‍ പഞ്ചായത്തിലാണ് മുനീശ്വരന്‍ മലയും കോവിലും. ബേഗൂര്‍ ഫോറസ്റ്റ് റേഞ്ചിനു കീഴിലാണ് ഈ പ്രദേശം. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പ്രവേശനം സമയം.