ഭൂമിയുടെ രേഖകൾ തിരികെ നൽകാൻ നിർദേശം
1594193
Wednesday, September 24, 2025 6:06 AM IST
സുൽത്താൻ ബത്തേരി: കാർഷിക കടാശ്വാസ കമ്മീഷൻ വായ്പാ തിരിച്ചടവിൽ ഇളവ് അനുവദിച്ചിട്ടും ഭൂമിയുടെ രേഖകൾ ബാങ്കിൽ നിന്ന് തിരികെ നൽകുന്നില്ലെന്ന പരാതിക്ക് ജില്ലാ കളക്ടറുടെ അദാലത്തിൽ പരിഹാരമായി. നായ്ക്കട്ടി സ്വദേശിയായ ജയചന്ദ്രനാണ് കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്ന് വായ്പയെടുത്തത്.
സാന്പത്തിക പ്രതിസന്ധി കാരണം തിരിച്ചടവ് മുടങ്ങി. പിന്നീട് കാർഷിക കടാശ്വാസ കമ്മീഷൻ രണ്ട് ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു. അവശേഷിച്ച തുകയായ 2.80 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും രണ്ട് വർഷം കഴിഞ്ഞിട്ടും ഭൂമിയുടെ രേഖകൾ ബാങ്ക് തിരികെ നൽകുന്നില്ലെന്നായിരുന്നു പരാതി.
അദാലത്തിൽ ജില്ലാ കളക്ടർ ഇക്കാര്യം ആരാഞ്ഞപ്പോൾ രേഖകൾ തിരികെ നൽകേണ്ടത് തന്നെയാണെന്ന് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചു. രേഖകൾ ഉടൻ നൽകണമെന്ന് കളക്ടർ നിർദേശം നൽകി. ഓഫീസിൽ നിന്ന് ജയചന്ദ്രന് രേഖകൾ കൈപ്പറ്റാമെന്ന് ബാങ്കും അറിയിച്ചു.