സാമൂഹിക വിരുദ്ധരുടെ താവളമായി പുൽപ്പള്ളിയിലെ പഴയ സാമൂഹികരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം
1594084
Tuesday, September 23, 2025 7:31 AM IST
പുൽപ്പള്ളി: ടൗണിലെ പഴയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു. ഒരു വർഷം മുന്പാണ് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്തിരുന്ന പഴയ കെട്ടിടത്തിൽ നിന്നും താഴെയങ്ങാടി 117ലെ പുതിയ കെട്ടിടത്തിലേക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം മാറ്റിയത്.
നിലവിൽ ഇവിടെ ദന്തൽ ക്ലിനിക്ക് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. നിലവിൽ ആശുപത്രിയുടെ വളപ്പ് മുഴുവൻ കാടുകയറി. ഉപയോഗിക്കാതെ കിടക്കുന്നതിനാൽ കെട്ടിടങ്ങളും നാശത്തിന്റെ വക്കിലാണ്. കെട്ടിടത്തിന്റെ പലഭാഗത്തും ചിതലരിച്ചുതുടങ്ങി. പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റുന്പോൾ പഴയ കെട്ടിടമിരുന്ന സ്ഥലത്ത് പുതിയ എന്തെങ്കിലും സംവിധാനം ആരംഭിക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്.
കാടുമൂടിക്കിടക്കുന്ന ഈ സ്ഥലത്ത് രാത്രി വെളിച്ച സംവിധാനമില്ലാത്തതിനാൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ ഭാഗത്ത് തെരുവുനായകളുടെ വലിയ കൂട്ടവും തന്പടിച്ചിട്ടുണ്ട്. ആശുപത്രി പരിസരം വൃത്തിയാക്കി കെട്ടിടങ്ങൾ മാറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.