വന്യജീവി വാരാഘോഷം: ജില്ലാതല മത്സരം കൽപ്പറ്റയിൽ
1593747
Monday, September 22, 2025 6:04 AM IST
കൽപ്പറ്റ: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം-വന്യജീവി സംരക്ഷണ വകുപ്പ് സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ ജില്ലാതല മത്സരവും എട്ടിന് സംസ്ഥാനതല മത്സരവും നടത്തും.
പ്രകൃതി, വന്യജീവി വിഷയങ്ങളുമായി ബന്ധപ്പെട്ട് എൽപി, യുപി വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് ഇനങ്ങളിലും ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, ക്വിസ്, ഉപന്യാസം(മലയാളം), പ്രസംഗം(മലയാളം)ഇനങ്ങളിലുമാണ് മത്സരം. ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികളെ ഒറ്റ വിഭാഗമായി കണക്കാക്കും.
എസ്കെഎംജെ സ്കൂളിലാണ് വയനാട് ജില്ലാതല മത്സരങ്ങൾ. രണ്ടിന് രാവിലെ 9.30 മുതൽ 11.30 വരെ പെൻസിൽ ഡ്രോയിംഗിലും 11.45 മുതൽ 12.45 വരെ ഉപന്യാസത്തിലും 2.15 മുതൽ 4.15 വരെ വാട്ടർ കളർ പെയിന്റിംഗിലും മത്സരം നടക്കും.
മൂന്നിനു രാവിലെ 10 മുതൽ ഉച്ചവരെ ക്വിസ് മത്സരവും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകുന്നേരം നാല് വരെ പ്രസംഗ മത്സരവും നടത്തും. ജില്ലാതലത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടും. സംസ്ഥാനതലത്തിൽ മത്സരിക്കുന്നവർക്കും അനുഗമിക്കുന്ന രക്ഷിതാക്കളിൽ ഒരാൾക്കും സ്ലീപ്പർ ക്ലാസ് യാത്രച്ചെലവും താമസസൗകര്യവും ഭക്ഷണവും നൽകും.
ജില്ലാതലത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ സ്കൂളിൽനിന്നുള്ള തിരിച്ചറിയിൽ രേഖ സഹിതം അതത് ദിവസം രാവിലെ എട്ടിന് എസ്കഐംജെ സ്കൂളിൽ എത്തണം. വിശദവിവരത്തിന് 04936-202623, 8547603846, 9846099231 എന്നീ നന്പറുകളിൽ വിളിക്കാം.