ബൊക്കാഷി ബക്കറ്റ് വിതരണവും ബോധവത്കരണ ക്ലാസും
1594194
Wednesday, September 24, 2025 6:06 AM IST
സുൽത്താൻ ബത്തേരി: മാലിന്യമുക്ത നവകേരളം കാന്പയിനിന്റെ ഭാഗമായി ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ബൊക്കാഷി ബക്കറ്റ് വിതരണം നടത്തി.
ഉറവിട മാലിന്യ സംസ്കരണത്തിന് പുതിയ മാതൃക അവതരിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിതരണം നടന്നത്. വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സണ്‍ ടി.കെ. രമേശ് നിർവഹിച്ചു.
മാലിന്യമുക്തവും ആരോഗ്യമുള്ള നഗരമെന്ന ലക്ഷ്യത്തോടെ നഗരസഭ മുന്നോട്ട് വയ്ക്കുന്ന പദ്ധതി കുടുംബങ്ങൾക്കിടയിൽ മികച്ച സ്വീകാര്യത നേടി വരികയാണെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷാമില ജുനൈസ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽ പ്രതിനിധി നന്ദു ബൊക്കാഷി ബക്കറ്റിന്റെ ഉപയോഗപരിപാലന രീതികൾ, പ്രായോഗിക നിർദേശങ്ങൾ എന്നിവ വിശദീകരിച്ച് ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തു.
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ പി.എസ്. സന്തോഷ് കുമാർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ പി.എസ്. ലിഷ, ടോം ജോസ്, സാലി പൗലോസ്, കെ. റഷീദ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു.