റീടാറിംഗ് കഴിഞ്ഞ അമ്പതേക്കർ പാത നാലു മാസങ്ങൾക്കുള്ളിൽ തകർന്നു
1594242
Wednesday, September 24, 2025 6:26 AM IST
കുളത്തൂപ്പുഴ: റീടാറിംഗ് കഴിഞ്ഞ് നാലു മാസങ്ങൾക്കുള്ളിൽ റോഡ് തകർന്നു. ആദിവാസി മേഖലയിലേക്കുള്ള ഗതാഗതസൗകര്യം സുഗമമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച അമ്പതേക്കർ പാതയാണ് നിർമാണം പൂർത്തിയായി നാലുമാസം എത്തുന്നതിനു മുമ്പായി ടാർ പൊട്ടിയടർന്ന് മെറ്റലും പൊടിയും ഇളകി മാറി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ മേയിലാണ് 30 ലക്ഷം രൂപ മുതൽ മുടക്കിൽ ഡീസെ ന്റുമുക്ക് മുതൽ അമ്പതേക്കറിലെ പടിഞ്ഞാറേ അംഗൻവാടിക്ക് സമീപംവരെ രണ്ടുകിലോമീറ്റർ ദൂരം പൊട്ടിപ്പൊളിഞ്ഞ പാത റീടാറിംഗ് ചെയ്തു നവീകരിച്ചത്. കനത്ത മഴയുള്ള സമയത്ത് നിർമാണജോലി ആരംഭിക്കുമ്പോൾ തന്നെ നാട്ടുകാരിൽ ചിലർ മഴക്കാലത്ത് ടാർ ചെയ്യുന്നത് ഗുണകരമാവില്ലെന്ന് കരാറുകാരെയും സ്ഥലത്തുണ്ടായിരുന്ന പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരേയും അറിയിച്ചിരുന്നു. എന്നാൽ, അത്തരം ആരോപണങ്ങൾക്കൊന്നും ശാസ്ത്രിയമായ അടിസ്ഥാനമില്ലെന്ന് പറഞ്ഞ് അധികൃതർ അതൊക്കെ തള്ളുകയായിരുന്നു.
റോഡി െ ന്റ റീടാറിംഗ് മഴക്കാലത്ത് തന്നെ തുടർന്ന് പൂർത്തിയാക്കി. എന്നാൽ, നാലുമാസമെത്തും മുമ്പ് തന്നെ പലയിടങ്ങളിലായി നൂറു മീറ്റലധികം സ്ഥലത്തെ ടാർ പൊട്ടിപ്പൊളിഞ്ഞ് ഇളകിപ്പോവുകയായിരുന്നു.
അവിടെ പലയിടത്തും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഓരോ നിർമാണ പ്രവൃത്തികളുടെയും നിലനിൽപ് കാലാവധി വ്യക്തമായി കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ നാലുമാസം എത്തുന്നതിനുള്ളിൽ റോഡ് തകരാനിടയായത് നിർമാണ പ്രവർത്തിയുടെ ഗുണനിലവാരമില്ലായ്മയാണെന്ന് നാട്ടുകാർ ആരോപിച്ചു.
അടിയന്തരമായി അധികൃതർ ഇടപെട്ട് റോഡിലെ തകരാർ പരിഹരിക്കുന്നതിനു നടപടിസ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.