ജ്വല്ലറിയിൽ നിന്നും മോതിരം കവർന്നു
1594236
Wednesday, September 24, 2025 6:26 AM IST
കൊട്ടിയം: സ്വർണമോതിരം വാങ്ങാനെന്ന വ്യാജേന സ്വർണക്കടയിലെത്തിയ യുവാവ് മുക്ക് പണ്ടം പകരമായി വച്ച് രണ്ട് ഗ്രാം തൂക്കമുള്ള സ്വർണമോതിരം കവർന്നു. കൊട്ടിയം കണ്ണനല്ലൂർ റോഡിലുള്ള ശ്രീകൃഷ്ണജ്വല്ലറിയിലാണ് സംഭവം. ഇന്നലെ രാവിലെ 10നാണ് യുവാവ് കടയിലെത്തി മോതിരം വേണമെന്നാവശ്യപ്പെടുന്നത്. ബോക്സുകളിൽ നിന്നും പല ഡിസൈനുകളിലുള്ള മോതിരങ്ങളും നോക്കുകയും വിരലിലണിഞ്ഞ് പരിശോധിക്കുകയും ഉണ്ടായി.
ഇതിനിടയിൽ കൈയിൽ കിടന്ന മുക്കുപണ്ടമായ മോതിരം സ്വർണ കടയിലെ ബോക്സിൽ തിരിച്ചേല്പിക്കുകയും രണ്ടു ഗ്രാം തൂക്കം വരുന്ന സ്വർണമോതിരം വിരലിലിടുകയും ചെയ്യുകയായിരുന്നു.
ഡിസൈനുകൾ ഇഷ്ടമായില്ലെന്നു പറഞ്ഞാണ് ഇയാൾ മടങ്ങിയത്. മോതിരങ്ങളുടെ ബോക്സുകൾ തിരികെ അലമാരയിൽ വയ്ക്കുമ്പോഴാണ് ജീവനക്കാർ ചതി മനസിലാക്കിയത്. ഉടമ തുടർന്ന് കൊട്ടിയം പോലീസിന് വിവരം കൈമാറുകയും പരാതി നൽകുകയും ചെയ്തു.