കടൽ കയറ്റം: ചവറ കരിത്തുറ നിവാസികൾ ഭീതിയിൽ
1594265
Wednesday, September 24, 2025 6:40 AM IST
ചവറ: രണ്ടുദിവസമായി ഉണ്ടായ കടൽ കയറ്റം കരിത്തുറ പള്ളിക്ക് തെക്ക് വശം തീരദേശവാസികളെ ഭീതിയിലാഴ്ത്തി.ഇന്നലെ രാവിലെ 11.30ന് തുടങ്ങിയ കടൽ കയറ്റം വൈകുന്നേരം മൂന്നു വരെ നീണ്ടു നിന്നു. കഴിഞ്ഞ 22ന് രാത്രിയിലും കടൽക്കറ്റം ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.
ശക്തമായ തിരമാല അടിച്ചാൽ വീടുകളിലേക്ക് കടൽവെള്ളം കയറുന്ന അവസ്ഥയാണ്. ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ കടൽക്കയറ്റത്തിൽ കരയിലിരുന്ന കട്ട മരം ഒലിച്ചു പോയി. കടൽ കയറിയ ഭാഗത്ത് കടൽഭിത്തിക്ക് വേണ്ടത്ര പൊക്കം ഇല്ലാത്തതുകൊണ്ടാണ് കടൽ കയറാൻ ഇടയായതെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.
നിലവിൽ മൺ കൂനകൾ വച്ചാണ് കടൽക്കയറ്റം തടയാൻ ശ്രമിക്കുന്നത്. എന്നാൽ ശക്തമായ കടൽ കയറ്റം ഉണ്ടായാൽ ഈ മൺ കൂനകൾ എല്ലാം ഒലിച്ചു പോകുന്ന അവസ്ഥയാണ്. അധികൃതർ എത്രയും വേഗം ശാസ്ത്രീയമായ കടൽഭിത്തി നിർമിക്കാൻ വേണ്ട നടപടി കൈക്കൊള്ളണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.