രാജാക്കാട് മേഖലയിൽ വൈറൽപനി പടരുന്നു
1594258
Wednesday, September 24, 2025 6:39 AM IST
രാജാക്കാട്: രാജാക്കാട് മേഖലയിൽ വൈറൽ പനി പടരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പനിബാധിച്ച നിരവധിയാളുകൾ ചികിത്സയിലാണ്.
രാജാക്കാട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ നിലവിലുണ്ടെങ്കിലും കിടത്തിച്ചികിത്സ ഇല്ലാത്തതിനാൽ രോഗികൾ ഏറെ കഷ്ടപ്പെടുകയാണ്. ഒപി മാത്രം പ്രവർത്തിക്കുന്ന ഈ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് മരുന്നു പോലുമില്ലാത്ത സ്ഥിതിയാണുള്ളത്.
രാജാക്കാടുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാരായ രോഗികൾ. 26 കിലോമീറ്റർ അകലെയാണ് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രി ഉള്ളത്.
രാജാക്കാട് മുല്ലക്കാനത്തുള്ള സർക്കാർ ആശുപത്രിയിൽ കെട്ടിടസൗകര്യങ്ങൾ ആവശ്യത്തിൽ കൂടുതലുണ്ടെങ്കിലും കിടത്തിച്ചികിത്സയില്ല.
പതിറ്റാണ്ടുകളായി ഈ ആവശ്യമുന്നയിച്ച് വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകൾ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. രാജാക്കാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ ആതുരാലയം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ളതാണ്.