ജില്ലയിൽ ആയുർവേദ ദിനാചാരണം സംഘടിപ്പിച്ചു
1594472
Wednesday, September 24, 2025 11:36 PM IST
ഇടുക്കി: ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചികിത്സാരീതിയായ ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാറേമാവ് ആയുർവേദ ആശുപത്രിയിലെ അസ്ഥി-സന്ധിരോഗ വിഭാഗത്തിനായുള്ള പ്രത്യേക ക്ലിനിക്കിന്റെയും നവീകരിച്ച നേത്രചികിത്സാ വിഭാഗത്തിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ദേശീയ ആയുർവേദ ദിനാഘോഷ പരിപാടികളുടെയും സ്പെഷാലിറ്റി ഡയബറ്റിക്ക് ക്ലിനിക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി. സത്യൻ അധ്യക്ഷത വഹിച്ചു.
ദിനാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്നത്. പ്രമേഹരോഗികൾക്കായി പ്രത്യേക ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു.
ഹയർസെക്കൻഡറി തലത്തിലുള്ള പെണ്‍കുട്ടികൾക്ക് വിളർച്ചാ പരിശോധനാക്യാന്പ് നടത്തും. സ്കൂൾതലത്തിൽ പ്രബന്ധ രചന, ആയുർവേദ ഔഷധപരിചയ ക്വിസ് മത്സരങ്ങൾ, ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാന്പുകൾ എന്നിവയും സംഘടിപ്പിക്കും. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സി.എം. ഹരിമോഹൻ, എ.പി. ഉസ്മാൻ, സണ്ണി ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.