കുത്തുങ്കല്‍-നെടുങ്കണ്ടം ലൈന്‍ 500 കർഷകരുടെ ഭൂമിയിലൂടെ
1593847
Monday, September 22, 2025 11:39 PM IST
നെടുങ്കണ്ടം: കുത്തുങ്കല്‍ - നെടുങ്കണ്ടം 110 കെ വി വൈദ്യുത ലൈനിന്റെ പണിക്കന്‍കുടി മുതല്‍ കല്ലാര്‍ വരെ ആരംഭിച്ചിട്ടുള്ള നിര്‍മാണം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്നു ആക്ഷന്‍ കൗണ്‍സില്‍. തിങ്കള്‍കാട് വഴി ദൂരം കുറച്ചു പോകാമായിരുന്ന ഈ വൈദ്യുതലൈന്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന പണിക്കന്‍കുടി, ബഥേല്‍, മേലേചിന്നാര്‍, മഞ്ഞപ്പാറ, പച്ചടി, ചക്കക്കാനം വഴിയാണ് കെഎസ്ഇബി ഇപ്പോള്‍ നിര്‍മിക്കുന്നത്. 17 കിലോമീറ്റര്‍ ദൂരം വരുന്ന ഈ വൈദ്യുതി ലൈന്‍ 500 ഓളം പേരുടെ കൃഷി സ്ഥലത്തുകൂടിയാണ് കടന്നുപോകുന്നത്.
ഇത് അനീതി
ഈ പ്രദേശങ്ങളിലെ ചെറുകിട കര്‍ഷകരുടെ ഭൂമി പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്. കര്‍ഷകര്‍ക്കു നല്കുന്ന ആനുകൂല്യങ്ങളെപ്പറ്റി അവ്യക്തത തുടരുകയാണ്. സമീപകാലത്തു പട്ടയം ലഭിച്ചിട്ടുള്ള ഈ പ്രദേശങ്ങളില്‍ വളരെ കുറഞ്ഞ ഫെയര്‍ വാല്യുവാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.
പട്ടയം ലഭിക്കാത്ത കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ഒന്നും ലഭിക്കാത്ത സ്ഥിതിയുമുണ്ട്. കാര്‍ഷിക വിളകള്‍ക്ക് എട്ടു വര്‍ഷത്തെ ആദായത്തിന്റെ നഷ്ടപരിഹാരത്തുക മാത്രമാണ് ബോര്‍ഡ് നല്‍കുന്നത്.
റബര്‍, ജാതി തുടങ്ങിയ വിളകള്‍ക്കു വളരെ കൂടുതല്‍ കാലം ആദായം ലഭിക്കാമെന്നിരിക്കെ എട്ടുവര്‍ഷത്തെ നഷ്ടപരിഹാരം മാത്രം നല്‍കുന്നത് അനീതിയാണ്.
വിപണി വില നൽകണം
കര്‍ഷകരുടെ ഭൂമിക്കു മാര്‍ക്കറ്റ് വില നല്‍കുക, കാര്‍ഷിക വിളകള്‍ക്കു ന്യായമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. ജില്ലയിലെ എല്ലാ ജനപ്രതിനിധികള്‍ക്കും നിവേദനം നല്കാന് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
ബഥേല്‍ പാരീഷ് ഹാളില്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചെയര്മാന് ഫാ. ജോസഫ് നടുപ്പടവില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ പ്രസിഡന്റ് ജോണ്സണ് കിഴക്കേക്കര, പഞ്ചായത്ത് മെംബര്‍മാരായ ജോജി ഇടപ്പള്ളികുന്നേല്‍, രാജേഷ് അമ്പഴത്തിനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.