ഭൂനിയമ ചട്ടം: കേരള കോണ്. മാർച്ചും ധർണയും 30ന്
1594467
Wednesday, September 24, 2025 11:36 PM IST
തൊടുപുഴ: സംസ്ഥാന സർക്കാർ അംഗീകരിച്ച ഭൂപതിവ് ചട്ട ഭേദഗതിയിലെ ജനദ്രോഹവ്യവസ്ഥകളിൽ പ്രതിഷേധിച്ച് കേരള കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ 30ന് കർഷക മാർച്ചും ധർണയും സംഘടിപ്പിക്കും.
സർക്കാർ പുറപ്പെടുവിച്ച ഭൂ ചട്ടങ്ങൾ ജനങ്ങളെ പിഴിയാനുള്ള ഗൂഢാലോചനയാണെ ന്നും ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണെന്നും പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ആരോപിച്ചു. വർഷങ്ങളായി താമസിച്ചു വരുന്ന ഭൂമിയിൽ അവകാശം നിലനിർത്തണമെങ്കിൽ മുന്പ് പട്ടയത്തിന് അപേക്ഷിച്ചതുപോലെ വീണ്ടും സർക്കാരിൽ അപേക്ഷ സമർപ്പിക്കേണ്ട ഗതികേടിലാണ് കുടിയേറ്റ ജനത.
വർഷങ്ങൾ കാത്തിരുന്ന ശേഷമാണ് കർഷകർക്ക് പട്ടയം ലഭിച്ചത്. എന്നാൽ പട്ടയം ലഭിച്ച ഭൂമിയിൽ വാസഗൃഹം ഉൾപ്പെടെയുള്ളവ തുടർന്നും കൈവശംവച്ച് അനുഭവിക്കണമെങ്കിൽ 2025ലെ ചട്ടങ്ങളിൽ പറയുന്ന അനുമതിക്കായി വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടിവരും. ലക്ഷക്കണക്കിന് പേർ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടിവരും.
3000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങളെ പിഴ അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും എല്ലാ അപേക്ഷകരും അപേക്ഷയ്ക്കൊപ്പം സർക്കാർ നിശ്ചയിച്ചിട്ടുള്ള അപേക്ഷാഫീസ് അടയ്ക്കേണ്ടിവരും. ഓരോ അപേക്ഷകരുടെയും മുഴുവൻ അപേക്ഷകളും ജില്ലയിലെ ഉദ്യോഗസ്ഥർ പരിശോധിച്ചതിനുശേഷം സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ വിഷയം സങ്കീർണമാക്കും. ഭൂമിയുടെ വിസ്തീർണം കണക്കാക്കി പിഴ അടയ്ക്കണമെന്ന വ്യവസ്ഥ ജില്ലയിലെ ടൂറിസം മേഖലയെയും കാര്യമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ ധർണ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.