കുത്തുങ്കൽ - നെടുങ്കണ്ടം വൈദ്യുതി ലൈൻ: ആക്ഷൻ കൗണ്‍സിൽ പ്രക്ഷോഭത്തിലേക്ക്
1594473
Wednesday, September 24, 2025 11:36 PM IST
നെടുങ്കണ്ടം: കുത്തുങ്കൽ - നെടുങ്കണ്ടം 110 കെവി വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിച്ചു ന്യായമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ വൈദ്യുതി ബോർഡിന്റെ ഓഫീസ് ഉപരോധം ഉൾപ്പടെയുള്ള സമര പരിപാടി നടത്തേണ്ടിവരുമെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ മുന്നറിയിപ്പു നൽകി.
കെഎസ്ഇബിയുടെ വഞ്ചന
2009ൽ വിഭാവനം ചെയ്തതാണ് ഈ പദ്ധതി. 2012 ൽ ഇതുമായി ബന്ധപ്പെട്ട് ബോർഡ്, കർഷകരെ സമീപിച്ചെങ്കിലും കൃഷിഭൂമിയും കാർഷിക വിളകളും ഇല്ലാതെയാക്കുന്ന പദ്ധതിക്കെതിരേ ഉയർന്ന പ്രതിഷേധത്തെത്തുടർന്ന് ബോർഡ് പിൻവാങ്ങുകയായിരുന്നു. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ ജീവനക്കാർ നിശബ്ദമായി സർവേ നടപടി പൂർത്തീകരിക്കുകയും ഉടമസ്ഥർ അറിയാതെ അടയാളക്കല്ലുകൾ സ്ഥാപിക്കുകയും ചെയ്തു. സമീപകാലത്താണ് ഈ ലൈൻ കൊന്പൊടിഞ്ഞാലിൽനിന്നു പണിക്കൻകുടി, മേലേചിന്നാർ, മഞ്ഞപ്പാറ, പച്ചടി, ബഥേൽ, പത്തുവളവ് തുടങ്ങിയ ജനവാസമേഖലകളിലൂടെയാണ് കടന്നുപോകുന്നതെന്നു പ്രദേശവാസികൾ അറിയുന്നത്.
ആക്ഷൻ കൗണ്‍സിൽ
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിലയെപ്പറ്റിയോ കാർഷികവിളകളുടെ നഷ്ടപരിഹാരത്തെപ്പറ്റിയോ കർഷകരോടു സംസാരിക്കുകയോ ബോധ്യപ്പെടുത്തുകയോ ചെയ്യാതെ സർവേ നടപടി തുടരുകയും പണിക്കൻകുടിയിൽ നിർമാണ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആക്ഷൻ കൗണ്‍സിലിനു രൂപം നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു. വികസനപ്രവർത്തനങ്ങൾക്ക് എതിരല്ല. നിർമാണപ്രവർത്തനങ്ങൾക്കു തടസം നിൽക്കാനും ആഗ്രഹിക്കുന്നില്ല. എന്നാൽ, പ്രദേശവാസികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കണം.
ആശങ്കകൾ
പട്ടയം ലഭിക്കാത്ത നൂറുകണക്കിനു കർഷകർ ലൈൻ പരിധിയിൽ താമസിക്കുന്നുണ്ട്. ഇവർക്ക് ഏതു രീതിയിലുള്ള നഷ്ടപരിഹാരമാണ് നൽകുക എന്നതിൽ വ്യക്തതയില്ല. ചെറുകിട കർഷകർ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുകൂടി ലൈൻ വലിക്കുന്പോൾ സ്ഥലം രണ്ടായി മുറിയുകയും വസ്തുവിന്റെ മൂല്യം കുറയുകയും വില്പന അസാധ്യമായി മാറുകയും ചെയ്യും. കർഷകരുടെ ഉപജീവന മാർഗവും അടയും.
ഫെയർവാല്യുവിന്റെ ചെറിയൊരു ശതമാനം മാത്രമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. എന്നാൽ, സമീപകാലത്തു പട്ടയം ലഭിച്ചിട്ടുള്ള സ്ഥലങ്ങളിൽ നാമമാത്രമായ ഫെയർ വാല്യുവാണുള്ളത്. വിളകളുടെ എട്ട് വർഷത്തെ ആദായത്തിന്റെ തുകമാത്രം നഷ്ടപരിഹാരമായി നൽകുന്നത് കർഷകർക്കു കനത്ത നഷ്ടമാണ്. റബർ, ജാതി, തെങ്ങ്, കമുക്, മറ്റ് ഫലവൃക്ഷങ്ങൾ തുടങ്ങിയവയ്ക്കും എട്ട് വർഷത്തെ ആദായത്തിന്റെ തുക മാത്രമാണ് ലഭിക്കുന്നത്.
ആവശ്യങ്ങൾ
ലൈൻ/ടവർ കടന്നുപോകുന്ന കൃഷിസ്ഥലത്തിന്റെ ഉടമകളെ കൃത്യമായി വിവരം അറിയിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഫെയർ വാല്യുവിനു പകരം വിപണി വില നൽകുക, നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്‍പുതന്നെ നഷ്ടപരിഹാരത്തുക നൽകുക, പട്ടയമില്ലാത്ത കർഷകർക്കും കൃത്യമായ നഷ്ടപരിഹാരം നൽകുക, ദീർഘകാല വിളകളുടെ നഷ്ടപരിഹാര കാലയളവ് കൂട്ടുക, നഷ്ടപരിഹാരത്തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്ന് ആക്ഷൻ കൗണ്‍സിൽ ചെയർമാൻ ഫാ. ജോസഫ് നടുപ്പടവിൽ, കണ്‍വീനർ ജോണ്സൻ കിഴക്കേക്കര, രക്ഷാധികാരികളായ സജി പേഴന്പത്തുവയലിൽ, രാജേഷ് അന്പഴത്തുങ്കൽ, ട്രഷറർ ബിനോയി ശൗര്യാംകുഴിയിൽ എന്നിവർ പറഞ്ഞു.