ജനത്തെ വലച്ച് ജൽജീവൻ പദ്ധതി
1594260
Wednesday, September 24, 2025 6:39 AM IST
മുട്ടം: മീനച്ചിൽ കുടിവെള്ളപദ്ധതിക്കായി ജൽജീവൻ മിഷൻ അധികൃതർ കുത്തിപ്പൊളിച്ച ചള്ളാവയൽ ഭാഗത്ത് റോഡിൽ വാഹനങ്ങൾ തുടർച്ചയായി താഴുന്നത് ഇതുവഴിയുള്ള ഗതാഗതം പ്രതിസന്ധിയിലാക്കുന്നു.
കെഎസ്ആർടിസി ബസുകൾ, ചരക്ക് കയറ്റി വരുന്ന വലിയ ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസം കുഴിയിൽ ചാടിയത്. ഏതാനും ദിവസങ്ങളായി ഇതേനില തുടരുകയാണ്. ഇതേത്തുടർന്ന് ഇതുവഴിയുള്ള വാഹനങ്ങൾ മുന്നോട്ടു ചലിക്കാൻ കഴിയാതെ ഏറെ നേരമാണ് റോഡിൽ കുരുങ്ങുന്നത്. ഇന്നലെയും രാവിലെ മുതൽ നിരവധി വാഹനങ്ങൾ ഇവിടെ താഴ്ന്നു.
പാലാ - ഈരാറ്റുപേട്ട - മുട്ടം മേഖലകളിലേക്കുള്ള മൂന്നു റോഡുകളുടെ സംഗമസ്ഥാനമാണ് ചള്ളാവയൽ. സാധാരണ നിലയിൽതന്നെ ഇവിടെ വാഹനങ്ങൾ തിരിഞ്ഞുപോകാൻ ഏറെ പ്രയാസമാണ്. ഇതിനിടയിലാണ് കുടിവെള്ള പദ്ധതിക്കായി റോഡ് കുത്തിപ്പൊളിച്ചത്. കുത്തിപ്പൊളിച്ച റോഡ് രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ടാറിംഗ് നടത്താത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തോട്ടുങ്കര വികസന സമിതിയുടെ നേതൃത്വത്തിൽ ജൽജീവൻ മിഷൻ അധികൃതരുടെ വാഹനം തടഞ്ഞു പ്രതിഷേധിച്ചിരുന്നു.
മുട്ടം എംവിഐപി ഓഫീസിനു സമീപത്ത് ജൽജീവൻ മിഷന്റെ പണികൾക്ക് ഉപയോഗിച്ചിരുന്ന ജെസിബിയും റോഡിൽ താഴ്ന്നിരുന്നു. മാത്തപ്പാറ ഭാഗത്ത് ജൽജീവൻ മിഷൻ പദ്ധതിക്കു വേണ്ടി കുത്തിപ്പൊളിച്ച റോഡ് ടാറിംഗ് നടത്താത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ നിരന്തരം സമരത്തിലായിരുന്നു. ഇതേത്തുടർന്നാണ് ഇവിടെ ടാറിംഗ് ജോലികൾ ആരംഭിച്ചത്.