ജസ്റ്റീസ് വി.കെ. മോഹനൻ കമ്മീഷൻ തെളിവെടുപ്പ് നടത്തി
1594253
Wednesday, September 24, 2025 6:39 AM IST
ഇടുക്കി: താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റീസ് വി.കെ. മോഹനൻ കമ്മീഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാം ഘട്ട പൊതു തെളിവെടുപ്പും ഹിയറിംഗും ദേവികുളത്ത് സംഘടിപ്പിച്ചു.
മാട്ടുപ്പെട്ടി മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ദേവികുളത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബോട്ടിംഗിന് സുഗമമായി എത്തിച്ചേരാനുള്ള സൗകര്യമൊരുക്കുക, ബോട്ടിൽ കയറ്റുന്ന സഞ്ചാരികളുടെ എണ്ണം ക്രമപ്പെടുത്തുക, എന്നിങ്ങനെ നിരവധി നിർദേശങ്ങൾ തെളിവെടുപ്പിൽ ഉയർന്നുവന്നു. രജിസ്റ്റർ ചെയ്ത 31 പേരിൽ ആറ് പേർ ഹിയറിംഗിൽ പങ്കെടുത്തു.
ജലഗതാഗത മേഖലയിൽ ഭാവിയിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് പരിഹാര മാർഗങ്ങൾ ശിപാർശ ചെയ്യുക, നിലവിലുള്ള ലൈസൻസിംഗ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുൻകാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെത്തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെളിവെടുപ്പ് നടക്കുന്നത്.
കമ്മീഷനംഗം ഡോ. കെ.പി. നാരായണൻ, മെംബർ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി ടി.കെ. രമേഷ് കുമാർ, കോർട്ട് ഓഫീസർ റിട്ട. മുൻസിഫ് മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖരൻ, കമ്മീഷൻ ജോയിന്റ് സെക്രട്ടറി ശിവ പ്രസാദ്, അഡ്വ. ടി.പി. രമേശ്, ഡെപ്യൂട്ടി തഹസിൽദാർ പി.എം. റഹീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിലും നാളെ കുമളി ഡിടിപിസി ഹാളിലും ഹിയറിംഗ് നടക്കും.