മുട്ടത്തും ബജറ്റ് ടൂറിസം ഉല്ലാസ യാത്ര ആസ്വദിക്കാം...
1594470
Wednesday, September 24, 2025 11:36 PM IST
മുട്ടം: ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് മുട്ടം പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ അടുത്തറിയുന്നതിന് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉല്ലാസ യാത്ര സംഘടിപ്പിക്കും.
27ന് രാവിലെ 8.30ന് മുട്ടം ടാക്സി സ്റ്റാൻഡിൽനിന്ന് കെഎസ്ആർടിസി ബസ് യാത്ര തിരിക്കും. തുടർന്ന് ശങ്കരപ്പള്ളി, പൂതക്കുഴി വെള്ളച്ചാട്ടം, പച്ചിലാംകുന്ന് വ്യൂ പോയിന്റ്, അരുവിക്കുത്ത് വെള്ളച്ചാട്ടം, മലങ്കര അണക്കെട്ട് വെള്ളച്ചാട്ടം വ്യൂ പോയിന്റ്, മലങ്കര ടൂറിസം ഹബ് എന്നി പ്രദേശങ്ങളിൽ സന്ദർശനം നടത്തും.
ഉച്ചക്ക് 1. 30ന് യാത്ര ടൗണിൽ എത്തിന്പോൾ സമാപന യോഗവും യാത്രാനുഭവങ്ങൾ പങ്ക് വെക്കലും നടക്കും. തൊടുപുഴ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, മർച്ചന്റ് അസോസിയേഷൻ, കുടുംബശ്രീ യൂണിറ്റുകൾ, ഗവ. ജീവനക്കാരുടെ സംഘടനകൾ തുടങ്ങിയവരുമായി സഹകരിച്ച് എല്ലാ മാസവും ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുമെന്ന് കോ-ഓർഡിനേഷൻ സമിതി അംഗങ്ങളായ ടോമി ജോർജ് മൂഴിക്കുഴിയിൽ, പി.എം. സുബൈർ, സുജി പുളിക്കൽ, അജയൻ താന്നിക്കാമറ്റം എന്നിവർ അറിയിച്ചു.