ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം: കത്തോലിക്ക കോൺഗ്രസ്
1594701
Thursday, September 25, 2025 11:41 PM IST
ചെറുതോണി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധീകരിക്കുകയും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി കമ്മീഷൻ നിർദേശിച്ചിരിക്കുന്ന പദ്ധതികൾ അടിയന്തര പരിഗണനയോടെ നടപ്പിലാക്കാൻ സർക്കാർ തയാറാകണമെന്നും തങ്കമണിയിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. തങ്കമണി യൂണിറ്റ് ഭാരവാഹികളുടെ യോഗം ഇടുക്കി രൂപതാ ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജോസഫ് പുത്തൻപുര അധ്യക്ഷതവഹിച്ചു.
കത്തോലിക്ക കോൺഗ്രസ് രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിവരുന്ന മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ രാജ്യത്ത് വർധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളിലും പോലീസ് കേസുകളിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ഷാജി കുന്നുംപുറം, അസി. ഡയറക്ടർമാരായ ഫാ. ബസ്റ്റോ കുമ്പളന്താനം, സിസ്റ്റർ ട്രീസ എഫ്എസ്എച്ച്എ, ജോസ് തൈച്ചേരി, സൈബിച്ചൻ കരിമ്പൻമാക്കൽ, വാവച്ചൻ ജേക്കബ്, സെലിൻ വാണിശേരി, ഷാജി വാഴക്കപ്പാറ, ഷൈനി മാവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.