ഹൈറേഞ്ച് മേഖലാ കാല്‍നട തീര്‍ഥയാത്ര 30ന് ആരംഭിക്കും
1594254
Wednesday, September 24, 2025 6:39 AM IST
അടിമാലി: കോതമംഗലം യെല്‍ദോ മോര് ബസേലിയോസ് ബാവായുടെ കബറിങ്കലേക്കുള്ള ഹൈറേഞ്ച് മേഖല കാല്‍നട തീര്‍ഥയാത്ര 30ന് ആരംഭിക്കും. കോവില്‍ക്കടവ് സെന്റ് ജോര്‍ജ് പള്ളിയില്‍നിന്നും നെടുങ്കണ്ടം സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളിയില്‍നിന്നും കാല്‍നട തീര്‍ഥയാത്രയ്ക്ക് തുടക്കം കുറിക്കും.
ഒക്ടോബർ ഒന്നിന് ശാന്തമ്പാറ, തൊട്ടിക്കാനം, മുരിക്കുംതൊട്ടി, മാങ്ങാത്തൊട്ടി, രാജകുമാരി, രാജാക്കാട്, പണിക്കന്‍കുടി, തോപ്രാംകുടി, വെള്ളത്തൂവല്‍, മാങ്കുളം, ബൈസണ്‍വാലി മേഖലകളിലെ വിവിധ ദേവാലയങ്ങളില്‍നിന്നു തീര്‍ഥയാത്ര പുറപ്പെടും. രാത്രി തീര്ഥയാത്രകള് അടിമാലിയില്‍ എത്തിച്ചേരും.
ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി യാക്കോബായ സഭ ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോര് അത്താനാസിയോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടിന് പുലര്‍ച്ചെ അടിമാലി സെന്റ് ജോര്‍ജ് കത്തീഡ്രലിൽനിന്ന് തീര്‍ഥയാത്ര കോതമംഗലത്തെ ബാവായുടെ കബറിങ്കലേക്ക് പുറപ്പെടും.
രണ്ടിന് അടിമാലിക്കു പുറമേ വിവിധ മേഖലകളില്‍നിന്നു പുറപ്പെടുന്ന തീര്ഥയാത്രകള് കുത്തുകുഴി മാരമംഗലം സെന്റ് ജോര്‍ജ് പള്ളിയുടെ മോര് ബസേലിയോസ് കുരിശുംതൊട്ടിയില്‍ ധൂപപ്രാര്‍ഥനയില്‍ പങ്കുചേരും.
തുടര്‍ന്ന്, ഹൈറേഞ്ചില്‍നിന്നുള്ള നാല്‍പ്പത്തി രണ്ടാമത് തീര്‍ഥയാത്രയുടെ സ്മരണാര്‍ഥം 42 പതാകകള്‍ വഹിച്ചുകൊണ്ടുള്ള പതാകപ്രയാണം നടക്കും. യാത്രയ്ക്ക് കോഴിപ്പിള്ളി കവലയില്‍ സ്വീകരണം നല്‍കും. വൈകുന്നേരം അഞ്ചോടെ തീര്‍ഥയാത്ര കബറിങ്കലെത്തി പ്രാര്‍ഥിച്ച് വഴിപാടര്‍പ്പിച്ച് പിരിയും.