ക്യാൻ ഹെൽപ്പ് - കാൻസറിനെതിരേ ബോധവത്കരണ പദ്ധതി
1594243
Wednesday, September 24, 2025 6:39 AM IST
ചെറുതോണി: ഇടുക്കി രൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ പാലാ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച് സെന്ററിന്റെ നേതൃത്വത്തിൽ ക്യാൻ ഹെൽപ്പ് - കാൻസറിനെതിരേ ഒരുമിച്ച് എന്ന പദ്ധതിക്കു ജില്ലയിൽ തുടക്കമാകുന്നു. പദ്ധതിയുടെ ഇടുക്കി രൂപതാതല ഉദ്ഘാടനം 28ന് രാവിലെ 9.15 ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിക്കും. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഓങ്കോളജി വിഭാഗം മേധാവി ഡോ. റോണി ബെൻസൺ പദ്ധതി വിശദീകരണം നടത്തും. വാഴത്തോപ്പ് കത്തീഡ്രൽ വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ സ്വാഗതം ആശംസിക്കും.
പദ്ധതിയുടെ ഭാഗമായി ശലഭം എന്ന പേരിൽ വനിതകൾക്കായി സ്തനാർബുദത്തെക്കുറിച്ചു ബോധവത്കരണവും സ്ക്രീനിംഗ് പരിശോധനകളും നടത്തും. വായിലെ കാൻസർ, ഗർഭാശയ കാൻസർ എന്നീ പരിശോധനകളും നടക്കും. കൂടാതെ വിവിധ കാൻസർ രോഗങ്ങളെക്കുറിച്ച് ഡോക്ടർമാർ വിശദീകരിക്കും. ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും ലഭ്യമാണ്.
മാമോഗ്രാം ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തി മാമോഗ്രാം പരിശോധന നടത്തുന്നതിനും അവസരമുണ്ട്. ഇടുക്കി രൂപതയിലെ മുഴുവൻ ഇടവകകളിലും പദ്ധതി നടപ്പാക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ - 94460 36421, 94950 12652.