കാളിയാർ സെന്റ് മേരീസിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രോജക്ടുകളുടെ ഉദ്ഘാടനം
1594699
Thursday, September 25, 2025 11:41 PM IST
തൊടുപുഴ: കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പുതുതായി രണ്ടു പദ്ധതികൾ ആരംഭിക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ലഹരിവിരുദ്ധ നവകേരളം പദ്ധതിയുടെ ഭാഗമായി ആന്റി ഡ്രഗ്സ് ആർമിയുടെ പ്രവർത്തനോദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് തൊടുപുഴ അസി. എക്സൈസ് ഇൻസ്പെക്ടർ ഒ.എച്ച്. മൻസൂർ നിർവഹിക്കും. സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടുനടയിൽ അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ അനീഷ്, സ്കൂൾ പ്രിൻസിപ്പൽ ലൂസി ജോർജ്, പിടിഎ പ്രസിഡന്റ് ജോബി ജോർജ്, ഗൈഡ് ക്യാപ്റ്റൻ ജൂലിൻ ജോസ്, സ്കൗട്ട് മാസ്റ്റർ ബിജു ജോസഫ് എന്നിവർ പ്രസംഗിക്കും. 28നു രാവിലെ 9.30ന് വണ്ണപ്പുറം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ നടപ്പാക്കുന്ന സന്പൂർണ നീന്തൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ജയസൂര്യ ഷാജി നിർവഹിക്കും. വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടുനടയിൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ അനീഷ്, പ്രിൻസിപ്പൽ ലൂസി ജോർജ്, നീന്തൽ പരിശീലകൻ ബേബി വർഗീസ്, സ്കൗട്ട് മാസ്റ്റർ ബിജു ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ജൂലിൻ ജോസ് എന്നിവർ പ്രസംഗിക്കും.
സന്പൂർണ നീന്തൽ പരിശീലന പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യത്തെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് എന്ന ബഹുമതി ഇതോടെ കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കൈവരിക്കും. സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ നാലുവർഷം മുന്പ് ആറ് കിലോവാട്ടിന്റെ സോളാർ പാനൽ സ്കൂളിൽ സ്ഥാപിച്ച് പരിസ്ഥിതി സൗഹൃദ ഊർജോത്പാദക വിദ്യാലയമായി സംസ്ഥാന തലത്തിൽ സ്കൂൾ ശ്രദ്ധ നേടിയിരുന്നു. സ്കൂളിൽ നടക്കുന്ന ത്രിദിന ക്യാന്പിൽവിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് നയിക്കും. ക്യാന്പിന്റെ ഭാഗമായി ട്രക്കിംഗും ക്യാന്പ് ഫയറും സംഘടിപ്പിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ലൂസി ജോർജ്, സ്റ്റാഫ് പ്രതിനിധി ഫാ. സിജിൻ ഓവേലിൽ, സ്കൗട്ട് മാസ്റ്റർ ബിജു ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ജൂലിൻ ജോസ് എന്നിവർ പങ്കെടുത്തു.