ശാന്തിഗിരിയിൽ ഭിന്നശേഷി പുനരധിവാസ പദ്ധതി ഉദ്ഘാടനം ഇന്ന്
1594698
Thursday, September 25, 2025 11:41 PM IST
തൊടുപുഴ: വഴിത്തല ശാന്തിഗിരിയിൽ ഭിന്നശേഷി പുനരധിവാസ നൂതന പദ്ധതികളുടെ ഉദ്ഘാടനം ഇന്നു നടത്തുമെന്ന് ഡയറക്ടർ ഫാ. പോൾ പാറക്കാട്ടേൽ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശാന്തിഗിരി കോളജിലെ ഫാ. ബീഡ് ഹാളിൽ ചേരുന്ന സമ്മേളനം പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ കാർമൽ പ്രൊവിൻഷ്യൽ ഫാ. മാത്യു മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിക്കും.
സാമൂഹ്യനീതി ഓഫീസർ വി.എ. ഷംനാദ് മുഖ്യപ്രഭാഷണം നടത്തും. കാർമൽ പ്രോവിൻസ് കൗണ്സിലർ ഫാ. പോൾ കാടാംകുളം, കോളജ് പ്രിൻസിപ്പൽ ഫാ. ജോസ് തുറവയ്ക്കൽ, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഭാസ്കരൻ തുടങ്ങിയവർ പ്രസംഗിക്കും. ഫാ. പോൾ പാറക്കാട്ടേൽ സ്വാഗതവും പി.പി. തങ്കപ്പൻ നന്ദിയും പറയും.
150 തടസ രഹിത ഭവനനിർമാണ പദ്ധതിയായ ശാന്തിഭവനം പദ്ധതി, 100 സ്വയംതൊഴിൽ പദ്ധതികൾ ഉൾപ്പെടുന്ന ശാന്തി ശക്തീകരണം, മെഡിക്കൽ ക്യാന്പുകൾ, കൃത്രിമോപകരണങ്ങളുടെ വിതരണം, ബോധവത്കരണ പരിപാടികൾ, പഠനവൈകല്യമുള്ള കുട്ടികളുടെ പരിശീലന കോഴ്സ്, ഉന്നത വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും, പുനരധിവാസ വിവരശേഖരണവും പ്രചാരണവും, ഭിന്നശേഷി സംഗമം, സെമിനാറുകൾ, തടസരഹിത നിർമാണ പ്രചാരവും വക്കാലത്തും തുടങ്ങിയ നൂതന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.
1988-ൽ വഴിത്തലയിൽ ആരംഭിച്ച ശാന്തിഗിരി പുനരധിവാസ കേന്ദ്രത്തിൽ ഭിന്നശേഷിക്കാരുടെ പുനരധിവാസ പ്രവർത്തനങ്ങൾ 37 വർഷം പിന്നിടുകയാണ്. ശാന്തിഗിരി ഹോസ്റ്റലിൽ ശാരീരിക ന്യൂനതയുള്ള കുട്ടികൾക്ക് സൗജന്യ താമസവും പഠന പരിശീലന സൗകര്യങ്ങളും നൽകിവരുന്നു. 2002-ൽ സ്ഥാപിതമായ ശാന്തിഗിരി കോളജിൽ ഏഴ് യുജി പ്രോഗ്രാമുകളിലും നാല് പിജി പ്രോഗ്രാമുകളിലുമായി ആയിരത്തിലധികം കുട്ടികൾ പഠനം നടത്തുന്നുണ്ട്.
2016-ൽ ആരംഭിച്ച എംബിഎ കോളജും ഇവിടെ പ്രവർത്തിക്കുന്നു. വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെ 2004-ൽ സ്ഥാപിതമായ ശാന്തിഗിരി പ്രസ് ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനവും നൽകുന്നു. ഐടി മേഖലയിൽ നൈപുണ്യമുള്ള ഭിന്നശേഷിക്കാർക്ക് ജോലി നൽകുകയെന്ന ലക്ഷ്യത്തോടെ 2006-ൽ സ്ഥാപിതമായ ശാന്തി സോഫ്റ്റ് ടെക്നോളജീസ് ഇന്നു സോഫ്റ്റ്വേർ വികസനത്തിലും ഉത്പന്ന നിർമാണത്തിലും വെബ്സൈറ്റ് നിർമാണത്തിലും പരിശീലന പ്രോഗ്രാമുകളിലും മുൻനിരയിലണ്.
ശാന്തിഗിരി വർക്ക് ഷോപ്പ് ശ്രവണ വൈകല്യമുള്ളവർക്ക് തൊഴിൽ നൽകാൻ 2012- മുതൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ, കോളജ് ഫർണിച്ചറുകൾ, കെട്ടിടങ്ങളുടെ മേൽപ്പുര നിർമാണം തുടങ്ങിയവയും ശാന്തിഗിരി വർക്ക്ഷോപ്പ് ചെയ്തു നൽകുന്നു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി ഫിസിയോതെറാപ്പി സെന്ററും പ്രവർത്തിക്കുന്നുണ്ട്. വൈകല്യമുള്ളവർക്ക് വിവാഹവും കുടുംബ ജീവിതവും സാധ്യമാണെന്ന സന്ദേശം നൽകാനായി 2002-ൽ മാര്യേജ് ബ്യൂറോ നിരവധിപ്പേർക്ക് താങ്ങുംതണലുമായിട്ടുണ്ട്.