മറ്റു രാജ്യങ്ങളിലേക്ക് കണ്ണുതുറന്നു നോക്കൂ
Thursday, July 24, 2025 12:57 AM IST
പൊട്ടിപ്പൊളിഞ്ഞ റോഡുകളും കാടുപിടിച്ചു കിടക്കുന്ന പൊതുസ്ഥലങ്ങളും അറപ്പുളവാക്കുന്ന പൊതുശൗചാലയങ്ങളും തെരുവുനായ്ക്കൾ വിഹരിക്കുന്ന വൃത്തിഹീനമായ തെരുവും കേരളത്തിലെവിടെയും കാണാം. അപ്പോൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
എന്നാൽ, മറ്റു രാജ്യങ്ങളിൽക്കൂടി സഞ്ചരിക്കുന്പോൾ മനോഹരമായ റോഡുകളും വൃത്തിയിൽ സൂക്ഷിച്ചിരിക്കുന്ന പൊതുസ്ഥലങ്ങളും പൊതുശൗചാലയങ്ങളും തെരുവുകളുമൊക്കെയാണ് കാണാൻ കഴിയുക. മാത്രമല്ല, പുരാതനമായ കെട്ടിടങ്ങളും പട്ടണങ്ങളുമൊക്കെ അവിടങ്ങളിൽ തേച്ചുമിനുക്കി വൃത്തിയിൽ സംരക്ഷിക്കുന്നു.
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ജനങ്ങളുടെ പെരുമാറ്റത്തിൽപ്പോലും വലിയ വ്യത്യാസമുണ്ട്. എന്നാൽ, നമ്മുടെ നാട്ടിലെ വിമാനത്താവളത്തിൽ ഇറങ്ങുന്പോൾ മുതൽ തികഞ്ഞ അഹങ്കാരമാണ് കാണുക.
തൊഴിലാളി സംഘടനകൾ പണിമുടക്കും ഹർത്താലുമൊക്കെ പ്രഖ്യാപിക്കുന്നതും പണിയെടുക്കാൻ വരുന്നവരെ മർദിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെ പിന്തിരിപ്പിക്കുന്നതും വിദ്യാർഥിസംഘങ്ങൾ ചേരിതിരിഞ്ഞ് ഗുണ്ടാസംഘങ്ങളെപ്പോലെ തമ്മിലടിക്കുന്നതും പഠിപ്പ് മുടക്കുന്നതുമൊക്കെ ലോകത്തിൽത്തന്നെ ഇന്ന് കേരളത്തിൽ മാത്രമേയുണ്ടാകൂ എന്നു തോന്നാറുണ്ട്.
മനുഷ്യജീവനേക്കാൾ പ്രാധാന്യം തെരുവുനായ്ക്കളുടെയും വന്യമൃഗങ്ങളുടെയും ജീവനു നൽകുന്ന രാജ്യം ലോകത്ത് ഇന്ത്യ മാത്രമാണ്. വനംവകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലുന്ന കാട്ടുപന്നിയുടെ രുചികരമായ മാംസം ആർക്കും കൊടുക്കാതെ കത്തിച്ച് കുഴിച്ചുമൂടുന്ന വിവരക്കേട് ലോകത്ത് മറ്റൊരു സർക്കാരും കാണിക്കില്ല.
ലക്ഷ്യബോധമുള്ള യുവാക്കൾ പഠനത്തിനും ജോലിക്കും മറ്റുമായി അന്യരാജ്യങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു. ഇത് നമ്മുടെ രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭരണാധികാരികൾ മനസിലാക്കണം.
ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ ചിറ്റാരിക്കാൽ