എംപി, എംഎൽഎ പ്രാദേശിക വികസനഫണ്ട് ഓഡിറ്റ് ചെയ്യണം
Friday, July 25, 2025 3:31 AM IST
അവരവരുടെ മണ്ഡലങ്ങളിൽ വികസനപ്രവർത്തനം നടത്തുന്നതിന് എംപിമാർക്ക് കേന്ദ്രസർക്കാർ അഞ്ചു കോടി രൂപയും എംഎൽഎമാർക്ക് കേരളത്തിൽ അഞ്ചു കോടി രൂപയും കൊടുക്കുന്നുണ്ട്. ചില സംസ്ഥാനങ്ങൾ എംഎൽഎമാർക്ക് കൂടുതൽ തുക കൊടുക്കുന്നുണ്ട്. ഈ തുകയുടെ വിനിയോഗത്തിനു ചില നിയന്ത്രണങ്ങളുണ്ട് എന്നാണ് മനസിലാക്കുന്നത്.
ഇത്രയും വലിയ തുക ചെലവഴിക്കാൻ നൽകിയിട്ടും പലരും അത് മുഴുവനായി ഉപയോഗിക്കുന്നില്ല എന്നത് വല്ലാത്തൊരു കഴിവില്ലായ്മ തന്നെയാണ്. മറ്റു ചിലരാകട്ടെ അത് പല ഗുണപ്രദമല്ലാത്ത കാര്യങ്ങൾക്കും കൊടുത്തു നശിപ്പിക്കുകയാണ്.
ചില വെയ്റ്റിംഗ് ഷെഡ്ഡുകളുടെ ബോർഡുകൾ കണ്ടാൽ ഇവരുടെ ശമ്പളത്തിൽനിന്നും കൊടുത്തതുപോലെ തോന്നും. ഇവർക്കു നൽകുന്ന തുക ഉപയോഗിച്ചതിന്റെ വിവരങ്ങൾ കൃത്യമായി പരസ്യപ്പെടുത്തുകയും അതിനു ശരിയായ ഓഡിറ്റ് ഉണ്ടാകുകയും വേണം. അതിന്റെ ശരിയായ, മുഴുവനായി ചെലവഴിക്കൽ അവരുടെ പെർഫോമൻസിന്റെ ഭാഗമാകുകയും വേണം.
പയസ് ആലുംമൂട്ടിൽ,ഉദയംപേരൂർ