ഈ ഹതഭാഗ്യർക്ക് സർക്കാർ ദിവസവേതനമെങ്കിലും കൊടുക്കണം
Sunday, August 17, 2025 12:26 AM IST
പത്തനംതിട്ടയിൽ, പതിനാലു വർഷം ശന്പളം കിട്ടാതെ ജോലി ചെയ്ത എയ്ഡഡ് സ്കൂൾ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്തപ്പോൾ മാത്രമാണ് മന്ത്രിയും ഇവിടുത്തെ സിസ്റ്റവും അവരുടെ കാര്യത്തിൽ ഇടപെട്ടത്. അതും, ഈ ഒരാളുടെ കാര്യത്തിൽ മാത്രം. ഈ അധ്യാപികയെപ്പോലെ ഇരുപതിനായിരത്തോളം അധ്യാപകരാണ് കേരളത്തിലെ എയിഡഡ് സ്കൂളുകളിൽ വർഷങ്ങളായി ഒരു രൂപ പോലും ശന്പളം കിട്ടാതെ ജോലി ചെയ്യുന്നത്. ഈയടുത്ത കാലത്തു കോഴിക്കോട്ട് അലീന ബെന്നി എന്ന എയ്ഡഡ് സ്കൂൾ അധ്യാപിക, ആറു വർഷമായിട്ടും ശന്പളം കിട്ടാതെ ആത്മഹത്യ ചെയ്തപ്പോഴെങ്കിലും സർക്കാർ എയ്ഡഡ് അധ്യാപകരുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയിരുന്നെങ്കിൽ പത്തനംതിട്ടയിലെ ഈ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.
ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറയുന്ന മുഖ്യമന്ത്രി, ശന്പളമില്ലാതെ ജോലി ചെയ്യുന്ന, അധ്യാപകരുടെ ഫയലുകളിലും ഇരുപതിനായിരം കുടുംബങ്ങളുടെ അന്നമാണ് മുടങ്ങിക്കിടക്കുന്നതെന്ന് എന്നാണ് തിരിച്ചറിയുക? പത്തുവർഷത്തോളമായി, എയ്ഡഡ് അധ്യാപകരുടെ നിയമനം അംഗീകരിക്കുന്നതിൽ സർക്കാർ കാട്ടുന്ന അലംഭാവം ഇരുപതിനായിരത്തോളം കുടുംബങ്ങളെയാണു വഴിയാധാരമാക്കിയത്.
അടിമപ്പണി ചെയ്യിക്കുന്നവർ പോലും, ജീവൻ നിലനിറുത്താനുള്ള ഭക്ഷണമെങ്കിലും കൊടുക്കും. ഇവിടെ ഒരു കട്ടൻചായ കുടിക്കാൻ പത്തു രൂപ പോലും കൊടുക്കാതെ അടിമകളേക്കാൾ നികൃഷ്ടമായി വർഷങ്ങളായി ജോലി ചെയ്യിക്കുന്നത് എന്ത് തൊഴിൽ സംസ്കാരമാണ്? പാടത്തു ജോലി ചെയ്താൽ വരന്പത്തുതന്നെ കൂലി കൊടുക്കണം എന്ന മുദ്രാവാക്യം, ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്ന തൊഴിലാളി പാർട്ടി നാടു ഭരിക്കുന്പോഴാണ്, ഈ കൊടിയ അനീതി അരങ്ങേറുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
കോട്ടയം ജില്ലക്കാരനായ എന്റെ മകൻ, കഴിഞ്ഞ മൂന്നു വർഷമായി ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളിൽ, നാളിതുവരെ ഒരു രൂപ പോലും ശന്പളം കിട്ടാതെ ജോലി ചെയ്യുകയാണ്. ഒരു ജില്ല കടന്ന് വലിയ തുക വണ്ടിക്കൂലിയും കൊടുത്തു ജോലി ചെയ്തിട്ട്, വർഷങ്ങളായി ഒരു രൂപ പോലും ശന്പളം കൊടുക്കാതിരിക്കുന്നത് കാട്ടുനീതിയാണ്. ചുരുങ്ങിയ പക്ഷം, ഈ ഹതഭാഗ്യർക്ക് ദിവസവേതനമെങ്കിലും കൊടുക്കാൻ സർക്കാർ തയാറാകണം. ഇനിയും സർക്കാർ ഇവരുടെ കാര്യത്തിൽ ഇടപെടുന്നില്ലെങ്കിൽ, മാധ്യമങ്ങളും സമൂഹം ഒന്നാകെയും ഈ മനുഷ്യാവകാശലംഘനത്തിനെതിരേ പ്രതികരിച്ചേ മതിയാകൂ.
ജോണ്സണ് പറന്പേട്ട് വെട്ടിമുകൾ, ഏറ്റുമാനൂർ