അടൂർ പറഞ്ഞതിൽ തെറ്റുണ്ട്
Thursday, August 14, 2025 12:28 AM IST
അടൂർ ഗോപാലകൃഷ്ണൻ സിനിമ കോണ്‍ക്ലേവ് വേദിയിൽ പറഞ്ഞത്, പട്ടികജാതിവർഗത്തിൽപ്പെട്ടവർക്ക് ഒരു സിനിമയെടുക്കാനായി നൽകുന്ന ഒന്നരക്കോടി മൂന്നായി വിഭജിച്ച് മറ്റു രണ്ടുപേർക്കുകൂടി നൽകണമെന്നും പട്ടികജാതിവർഗത്തിനു സിനിമയെടുക്കാൻ പ്രത്യേകം പരിശീലനം നൽകണമെന്നുമാണ്.
ഇത് പട്ടികവിഭാഗങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റവും, ഒരു പ്രത്യേകപരിശീലനത്തോടുകൂടി മാത്രമേ സിനിമയെടുക്കാൻ ഇവർക്കു കഴിയൂ എന്ന് പറഞ്ഞത് ഇവരെ കൊച്ചാക്കലുമാണ്. സിനിമ നിർമിക്കാൻ കഴിവുള്ള പട്ടികജാതിവർഗത്തിനു കൊടുക്കുന്ന ധനസഹായം പോലെ മറ്റു വിഭാഗങ്ങളിലെ പ്രതിഭകളെയും പ്രോത്സാഹിപ്പിക്കണമെന്നാണ് ആവശ്യപ്പെടേണ്ടിയിരുന്നത്.
ചലച്ചിത്രോത്സവത്തിലെ (ഐഎഫ്എഫ്കെ) പാസ് വിതരണം ജനകീയമായി തുടരേണ്ട കാര്യമില്ലെന്നും അതിനായി ഡെലിഗേറ്റ് പാസിന്റെ വില വർധിപ്പിച്ച് ജനകീയ സ്വഭാവത്തിനു തടയിടേണ്ടിയിരിക്കുന്നുവെന്നും അതേ വേദിയിലെ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അതായത്, സാന്പത്തികമായി ഉയർച്ചയുള്ളൊരു സമൂഹം മാത്രം ചലച്ചിത്രോത്സവ പ്രദർശനം കണ്ടാൽ മതിയെന്നാണ് അദ്ദേഹം ധ്വനിപ്പിച്ചത്. ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന തരം സിനിമകളെക്കുറിച്ചു ബോധമുള്ളവരിൽ സാന്പത്തിക ഭദ്രതയുള്ളവർക്കായി മാത്രം ഒതുക്കണമെന്നാണ് അദ്ദേഹം അർഥമാക്കിയത്. ഈ രണ്ട് അഭിപ്രായങ്ങളും ബഹുഭൂരിപക്ഷം സമൂഹത്തിനും ദഹിക്കാത്തവയാണ്.
എം. ജോണ്സണ് റോച്ച്, അന്പലത്തുമൂല