കുട്ടികളിൽ മൂല്യബോധവും സന്മാർഗ ചിന്തകളും ഉണർത്തണം
Monday, July 28, 2025 1:26 AM IST
കുട്ടികളിലും യുവാക്കളിലും ലഹരിപദാർഥങ്ങളുടെ ഉപയോഗം ദൈനംദിനം ഏറിവരുന്നു. കുട്ടികളെയും യുവാക്കളെയും ഈ മാരക വിപത്തിൽനിന്നു പിന്തിരിപ്പിക്കേണ്ട ഉത്തരവാദിത്വവും കടമയും മാതാപിതാക്കൾക്കും ഗുരുജനങ്ങൾക്കും പൊതുസമൂഹത്തിനുമുണ്ട്. കുട്ടികളും യുവാക്കളും ലഹരിപദാർഥങ്ങളുടെ പിടിയിൽ അമരാനുള്ള കാരണങ്ങൾ പലതാണ്.
ചെറുപ്രായത്തിൽ തന്നെ മൂല്യബോധനവും സന്മാർഗചിന്തകളുടെ ഉണർത്തലും ലഭ്യമാകാത്തതാണ് പ്രധാന കാരണം. അതോടൊപ്പം മതിയായ ശിക്ഷണവും നിയന്ത്രണവും അനിവാര്യമാണ്. ഒപ്പം സ്നേഹവും വാത്സല്യവും കരുതലും ഉണ്ടാകണം. എന്നാൽ, അമിതവാത്സല്യം ആപത്താണെന്ന് തിരിച്ചറിവും വേണം.
വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനനിലവാരം ഉയർത്തുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതോടൊപ്പം മൂല്യബോധവും സാൻമാർഗിക ചിന്തകളും വളർത്തിയെടുക്കുന്നതിനും അപരനു നന്മ ചെയ്യുന്നതിനും ആവശ്യമായ പരിശീലനം ലഭ്യമാക്കണം. ഇതിനായി കുട്ടികളുടെ ആത്മീയ ഭാവം വളർത്തിയെടുക്കാൻ സൗകര്യം ഒരുക്കണം.
ഇതിനായി ചെറിയ പ്രായത്തിൽ തന്നെ ലഭ്യമായ സമയങ്ങളിൽ കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ നമുക്ക് കഴിയണം. അതിന് ആവശ്യമായ പ്രചോദനവും പരിശീലനവും കുട്ടികൾക്ക് ലഭ്യമാക്കണം. അഭിരുചിക്ക് അനുസരിച്ച് കലാകായിക വിനോദങ്ങൾ, വായന, ചിത്രരചന, മോഡലിംഗ്, പൂന്തോട്ട നിർമാണം, അടുക്കള കൃഷിത്തോട്ടം തുടങ്ങിയവ കുട്ടികൾ ലഹരിയാക്കട്ടെ. എല്ലാറ്റിലും രക്ഷിതാക്കളുടെയും അധ്യാപകരുടെയും മേൽനോട്ടവും നിയന്ത്രണവും ഉണ്ടാവണമെന്നുമാത്രം.
റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി