ദീപശിഖ പ്രയാണത്തിന് വിവിധ മിഷനുകളിൽ ഉജ്വല സ്വീകരണം
Saturday, September 6, 2025 5:00 PM IST
മാഞ്ചസ്റ്റർ: 2025 ഒക്ടോബർ നാലിന് ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കുടുംബ കൂട്ടായ്മയായ വാഴ്വ് 2025ന്റെ പ്രചരണാർഥം കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് കൈമാറിയ ദീപശിഖയ്ക്ക് യുകെയിൽ വിവിധ മിഷനുകളിൽ ഉജ്വല സ്വീകരണം.
ദീപശിഖ പ്രയാണത്തിന് യുകെയിലെ ആദ്യ സ്വീകരണം നൽകിയത് മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷൻ വിശുദ്ധ കുർബാന കേന്ദ്രമായ സ്റ്റോക്ക് ഓൺ ട്രെൻഡിലാണ്. കൈക്കാരന്മാരായ ജോസ് ആലപ്പാട്ട്, കിഷോർ, സിജിൻ കൈതവേലി എന്നിവർ മിഷൻ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് ദീപശിഖ കൈമാറി.
തുടർന്ന് വാഴ്വിന്റെ വിജയത്തിനായിട്ടുള്ള പ്രാർഥന അർപ്പിച്ചു. തുടർന്ന് ദീപശിഖ പ്രയാണം പ്രഥമ ക്നാനായ മിഷൻ ഇടവകയായ മാഞ്ചസ്റ്ററിലേക്ക് യാത്രതിരിച്ചു. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മാഞ്ചസ്റ്റർ ഇടവക അംഗങ്ങൾ ഊഷ്മളമായ സ്വീകരണമാണ് ദീപശിഖ പ്രയാണത്തിന് നൽകിയത്.
വിശുദ്ധ കുർബാനയ്ക്ക് ശേഷം കൈക്കാരൻ ജോസഫ് ഡെന്നിസും പാരിഷ് കൗൺസിൽ അംഗങ്ങളും ഒന്നുചേർന്ന് ദീപശിഖ മിഷൻ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് കൈമാറി. തുടർന്ന് വാഴ്വിന്റെ വിജയത്തിനായിട്ടുള്ള മധ്യസ്ഥ പ്രാർഥന ഒന്നുചേർന്ന് പ്രാർഥിച്ചു.
വാഴ്വിന്റെ പ്രചരണാർഥം നടത്തപ്പെടുന്ന ദീപശിഖ പ്രയാണത്തിന് സെന്റ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ ലിവർപൂളിൽ വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്.
സ്ഥാനമൊഴിയുന്ന കൈകാരന്മാരും പുതുതായി സ്ഥാനം ഏറ്റെടുത്ത കൈക്കാരന്മാരും ആയവരായ ജോയി പാവക്കുളത്ത്, ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോജോ വലിയവീട്ടിൽ, സോജൻ തോമസ് മുകളേൽവടകേത് എന്നിവർ സംയുക്തമായി ദീപശിഖ മിഷൻ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് കൈമാറി.
എല്ലാ മിഷനുകളിലും ദീപശിഖ സ്വീകരണം ക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബർ നാലിന് ബഥേൽ സെന്ററിൽ ദീപശിഖ പ്രയാണം പൂർത്തിയാകും