യൂറോപ്പിൽ ഉഷ്ണതരംഗവും കാട്ടുതീയും
Saturday, August 16, 2025 1:01 PM IST
ബര്‍ലിന്‍: യൂറോപ്പില്‍ റിക്കാർഡ് കടന്ന് താപനില 42 ഡിഗ്രി സെല്‍ഷ്യസ് എത്തി. കനത്ത ചൂടിനെ തുടർന്ന് പലയിടങ്ങളിലും കാട്ടുതീ പടർന്നു. തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ സൈനികർ ഉൾപ്പെടെ ഒന്നിലധികം പേർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.
അല്‍ബേനിയയില്‍ വിവിധയിടങ്ങളിലായി 40ലധികം തീപിടിത്തങ്ങള്‍ ഉണ്ടായി. അയല്‍രാജ്യമായ മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്ഗോറിക്കയിൽ തീപിടിത്തമുണ്ടായി. പര്‍വതങ്ങളില്‍ തീയണയ്ക്കാൻ വിന്യസിച്ച ടാങ്ക് മറിഞ്ഞാണ് ഒരു സൈനികന് മരിച്ചത്. അപകടത്തിൽ മറ്റൊരു സൈനികന് പരിക്കേറ്റു.
ഐബീരിയന്‍ ഉപദ്വീപില്‍ ഉഷ്ണതരംഗം കാട്ടുതീയുടെ സാധ്യത ഉയർത്തി. പോര്‍ച്ചുഗലിലെ അഗ്നിശമന സേനാംഗങ്ങള്‍ മൂന്ന് വലിയ തീപിടിത്തങ്ങള്‍ നിയന്ത്രണ വിധേയമാക്കി. സ്പെയിനിലെ മാഡ്രിഡിന് സമീപമുണ്ടായ തീപിടിത്തം കനത്ത കാറ്റിനെ തുടർന്ന് വ്യാപകമായി പടർന്നതോടെ പ്രദേശവാസികളിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.
മോളസുവേലസ് ഡി ലാ കാര്ബല്ലെഡയില്(കാസ്റ്റില്ല വൈ ലിയോണ്‍) തീയണയ്ക്കാൻ ശ്രമിച്ച ഒരാളും മരിച്ചു. ഗ്രീസില്‍ കഴിഞ്ഞ ദിവസം മാത്രം 82 തീപിടിത്തമാണ് രജിസ്റ്റർ ചെയ്തത്. 33 അഗ്നിശമന വിമാനങ്ങളും 4,800ലധികം അഗ്നിശമന സേനാംഗങ്ങളെയുമാണ് തീയണയ്ക്കാൻ വിന്യസിച്ചത്. 15 അടിയന്തര ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജർമനിയിൽ ഉഷ്ണതരംഗം
ഉയര്‍ന്ന ഉഷ്ണതരംഗ മര്ദമായ ജൂലിയ തെക്കു പടിഞ്ഞാറന്‍ ജർമനിയിലെത്തി. വിവിധ ഇടങ്ങളിൽ പകൽ താപനില 33 ഡിഗ്രി സെല്‍ഷ്യസ് എത്തി. താപനില ഏകദേശം 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും കൂടും.
വെയിലത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സൂര്യനിൽ നിന്ന് നേരിട്ട് ചൂട് ഏൽക്കാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വരും ദിവസങ്ങളിൽ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് ആകാശം കൂടുതല്‍ മേഘാവൃതമായിരിക്കും. മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. തെക്ക്-പടിഞ്ഞാറന്‍ ജർമനിയില്‍ ഉഷ്ണതരംഗം തുടരും. ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ പകല്‍ താപനില വരും ദിവസങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും.
നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയുടെ തലസ്ഥാനമായ ഡ്യൂസല്‍ഡോര്‍ഫില്‍ വ്യാഴാഴ്ച മുതല്‍ റൈന്‍ നദിയില്‍ നീന്തല്‍ നിരോധനം പ്രാബല്യത്തില്‍ വരും. റൈന്‍ നദീതീരത്തുള്ള മുഴുവന്‍ നഗരപ്രദേശത്തിനും നിരോധനം ബാധകമാണ്. ലംഘനങ്ങള്‍ക്ക് 1,000 യൂറോ വരെ പിഴ ചുമത്തും.
ഹെസിയന്‍ ആരോഗ്യ മന്ത്രി ഡയാന സ്റ്റോള്‍സ് താപനില ഉയരുന്നതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കുട്ടികള്‍, വിട്ടുമാറാത്ത രോഗമുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രായമായവര്‍ എന്നിവര്‍ക്ക് ചൂട് കാലാവസ്ഥയിൽ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കണം.
ലോവര്‍ സാക്സോണിയില്‍ കാട്ടുതീ അപകട സൂചിക ഉയര്‍ന്നതാണ്. ജർമന്‍ വെതര്‍ സര്‍വീസ് ഫോറസ്റ്റ് ഫയര്‍ അപകട സൂചിക അനുസരിച്ച്, ലോവര്‍ സാക്സോണിയിലെ എട്ട് മോണിറ്ററിംഗ് സ്റ്റേഷനുകള്‍ നിലവില്‍ രണ്ടാമത്തെ ഉയര്‍ന്ന അപകട നിലയിലാണ്.
ജർമന്‍ തലസ്ഥാനത്തിലൂടെ കടന്നു പോകുന്ന സ്പ്രീ നദിയില്‍ തണുത്ത വെള്ളത്തില്‍ മുങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം, ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ സീന്‍ നദിയില്‍ 100 വര്‍ഷത്തിനുശേഷം കഴിഞ്ഞ മാസം മുതല്‍ നീന്താന്‍ അനുവദിച്ചിട്ടുണ്ട്.
യൂറോപ്പിലുടനീളം വ്യാപിച്ച ഉഷ്ണതരംഗം ജര്‍മനിയിലും ശക്തി പ്രാപിച്ചതോടെ രാജ്യത്തെ എയര്‍ കണ്ടീഷണറുകളുടെ വിൽപന വര്‍ധിച്ചിട്ടുണ്ട്. വേനല്‍ച്ചൂട് സകല റിക്കാർഡുകളും ഭേദിച്ച് മുന്നേറുന്നത് എസി വിപണിയെ ഉഷാറാക്കിയിരിക്കുകയാണ്.