ബോണില്‍ ഇടവകദിനവും ഭക്തസംഘടനകളുടെ വാര്‍ഷികവും വര്‍ണാഭമായി
ജോസ് കുമ്പിളുവേലില്‍
Saturday, August 2, 2025 1:40 PM IST
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര കത്തോലിക്കാ സഭ ബോണ്‍/ കൊളോണ്‍ ഇടവകയുടെ മധ്യസ്ഥനായ സെന്റ് തോമസിന്റെ തിരുനാളും എംസിവൈഎം, എംസിഎംഎഫ്, എംസിഎ തുടങ്ങിയ ഭക്തസംഘടനകളുടെ വാര്‍ഷികവും ഭക്തിനിര്‍ഭരവും വര്‍ണാഭവുമായി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ബോണ്‍ വീനസ്ബെര്ഗിലെ ഹൈലിഗ് ഗൈസ്റ്റ് ദേവാലയത്തില്‍ നടന്ന കര്‍മങ്ങളില്‍ സീറോമലങ്കര കാത്തലിക് എപ്പാര്‍ക്കിയുടെ കര്‍ണാടകയിലെ പുത്തൂര്‍ രൂപതാധ്യക്ഷന്‍ ഡോ. ഗീവറുഗീസ് മാര്‍ മക്കാറിയോസ് തിരുമേനി മുഖ്യകാര്‍മികനായി വി.കുര്‍ബാനയര്‍പ്പിച്ചു.
കൊളോണ്‍ അതിരൂപതയിലെ അന്താരാഷ്ട്ര കത്തോലിക്കാ യുവജന ശുശ്രൂഷ വൈദികനായ റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത്, ഫാ. ജയ്സണ്‍ താഴത്തേല്‍, ഫാ. അല്‍ഫോന്‍സ് ഒഎഫ്എം, ഫാ. സ്കറിയ മണ്പുരയ്ക്കാമണ്ണില് എന്നിവര്‍ സഹകാര്‍മികരായി.
ഗായക സംഘത്തിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് പ്രദക്ഷിണവും നടത്തി. ദിവ്യബലിമധ്യേ മക്കാറിയോസ് പിതാവിന്റെ വചനസന്ദേശത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍ തോമാശ്ലീഹായുടെ വിശ്വാസത്തിലൂന്നിയ ജീവിതവും കര്‍ത്താവിനോടുള്ള അളവറ്റ സ്നേഹവും എടുത്തുപറഞ്ഞു.
ദിവ്യബലിയെ തുടര്‍ന്ന് പാരീഷ് ഹാളില്‍ എംസിവൈഎം, എംസിഎംഎഫ്, എംസിഎ എന്നീ ഭക്തസംഘടനകളുടെ വാര്‍ഷികം മക്കാറിയോസ് പിതാവ് ഉദ്ഘാടനം ചെയ്തു. സംഘടനാ ഭാരവാഹികള്‍ വാര്‍ഷീക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കുട്ടികളുടെയും വിവിധ കലാപരിപാടികളും നടന്നു. മാധ്യമപ്രവര്ത്തകന് ജോസ് കുമ്പിളുവേലില്‍ ആശംസാപ്രസംഗം നടത്തി.
കൊച്ചുകുട്ടികളുടെ ആക്ഷന്‍ സോംഗ്, തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന്റെ ലഘുചരിത്രം, കേരളത്തില്‍ നിന്നും ജോലിക്കും ഉന്നതപഠനത്തിനുമായി വിദേശങ്ങളിലേക്ക് കുടിയേറുന്ന യുവജനങ്ങള്‍ മായികലോകത്ത് അകപ്പെട്ട് മദ്യത്തിനും ലഹരിക്കും അടിമയായി ക്രൈസ്തവമൂല്യങ്ങളെയും കുടുംബ ജീവിതത്തെയും ശിഥിലമാക്കുന്നതിരേ യുവജനങ്ങള്‍ ജാഗ്രതരായിരിക്കണമെന്ന സന്ദേശം നല്കുന്ന സ്കിറ്റ് സെന്റ് തോമസ് കേരളത്തില്‍ വന്ന് ദൈവവചനം പ്രഘോഷിച്ചതിനെ അടിസ്ഥാനമാക്കി മുതിര്‍ന്നവര്‍ അവതരിപ്പിച്ച സ്കിറ്റ് എന്നിവ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
റവ.ഡോ. ജോസഫ് ചേലമ്പറമ്പത്ത് സ്വാഗതവും ലാജി വര്‍ഗീസ് നന്ദിയും പറഞ്ഞു. അഗാപ്പെയോടെ പരിപാടികള്‍ സമാപിച്ചു.