ബാഡ് ന്യൂസ്റ്റാഡ് ഇന്തോ-ജര്‍മ്മന്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ കള്‍ച്ചറൽ 26, 27 തീയതികളില്‍
ജോസ് കുമ്പിളുവേലില്‍
Wednesday, July 23, 2025 3:27 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ വ്യുര്സ്ബുര്ഗ് രൂപതയിലെ ബാഡ് ന്യൂസ്റ്റാഡ് കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സംസകാരത്തെയും നമ്മുടെ ഭക്ഷണ വിഭവങ്ങളെയും എല്ലാവര്ക്കും പരിചയപ്പെടുത്തുക, എന്ന ലക്ഷ്യത്തോടെ സഘടിപ്പിക്കുന്ന Indisch Deutsches Begegnungs fest ജൂലൈ 26 27 തീയതികളില്‍ നടക്കും.
Bayern se Bad Neustadt ല്‍ നടക്കുന്ന രണ്ടുദിന ഫെസ്റ്റില്‍ 75 ഓളം കലാകാരന്മാര് അണിയിച്ചൊരുക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികളും ഫുഡ് ഫെസ്റ്റുമാണ് ആസൂത്രണം ചെയ്തിരിയ്ക്കുന്നതെന്ന് ഫെസ്റ്റിന്റെ രക്ഷാധികാരി ഫാ ജോണ്സന് തോട്ടത്തില്‍ അറിയിച്ചു.
ആയുര്‍വേദത്തെ പരിചയപ്പെടുത്തല്‍, കേരളീയ വസ്ത്രധാരണം പരിചയപ്പെടല്‍, ധരിക്കുവാനുള്ള അവസരം, കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍, നാടന്‍ പലഹാരങ്ങളുടെ പ്രദര്‍ശനം, വിപണനം തുടങ്ങിയവ പരിപാടിയുടെ സവിശേഷതകളാവും.
380 ഓളം അംഗങ്ങളുള്ള ബാഡ് ന്യൂസ്റ്റാഡ് സീറോ മലബാര്‍ മലയാളി കൂട്ടായ്മയാണ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്. ജോസ് സെബാസ്റ്റ്യൻ, പ്രിന്‍സ് മാത്യു, ബിന്ദു സിബി, മായാ മാത്യു, മനോജ് കോഴിപ്പാട്ട്, ചിഞ്ചു സെബാസ്റ്റ്യൻ, ജിബിന്‍ പാമ്പക്കല് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഫെസ്റ്റിന്റ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
2023 ല്‍ ആരംഭിച്ച ഫെസ്റ്റിലേക്ക് എല്ലാവരെയും ബാഡ് ന്യൂസ്റ്റാഡ് മലയാളി കൂട്ടായ്മ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
മുന്‍വര്‍ഷങ്ങളില്‍ 2,500 ഓളം പേര് ഫെസ്റ്റിൽ പങ്കെടുത്തു. ഫെസ്റ്റിൽ നിന്നും ലഭിക്കുന്ന തുക മലയാളി കമ്മ്യൂണിറ്റി നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവര്ത്തങ്ങള്ക്കായിട്ടാണ് വിനിയോഗിക്കുന്നത്.