കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍ ആഘോഷിച്ചു
ജോസ് കുമ്പിളുവേലില്‍
Thursday, July 10, 2025 4:50 PM IST
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും വി. തോമാശ്ലീഹായുടെ തിരുനാളും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
കഴിഞ്ഞമാസം 28ന് വൈകുന്നേരം നാലിന് നടന്ന കൊടിയേറ്റത്തോടെയാണ് തിരുനാളിന് തുടക്കം കുറിച്ചത്. കൊടിയേറ്റ് കര്‍മങ്ങള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാര്‍മികത്വം വഹിച്ചു.
ലദീഞ്ഞ്, നൊവേന തുടങ്ങിയ ശുശ്രൂഷകളെ തുടര്‍ന്നു നടപ്പുവര്‍ഷത്തെ പ്രസുദേന്തി പിന്റോ, ലീബ ചിറയത്ത് കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി എത്തിയാണ് ഇഗ്നേഷ്യസ് അച്ചന് കൊടിയേറ്റിയത്.
29ന് ഞായറാഴ്ചയാണ് തിരുനാളിന്റെ മുഖ്യപരിപാടികള്‍ നടന്നത്. രാവിലെ 9.40 ന് ദേവാലയാങ്കണത്തിലെത്തിയ സീറോ ലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, യൂറോപ്പിലെ സീറോമലബാര്‍ കാത്തലിക് ഫെയ്ത്ത് യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടറും വികാരി ജനറാളുമായ റവ.ഡോ. ബിനോജ് മുളവരിക്കൽ, കൊളോണ്‍ അതിരൂപതയിലെ യൂണിവേഴ്സല്‍ ചര്‍ച്ചിന്റെ രൂപത കാര്യാലയ മേധാവി നാദിം അമ്മാൻ എന്നിവരെ വിശ്വാസി സമൂഹം സ്വീകരിച്ചു.
തൊലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും പേപ്പല്‍ കുടകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ദേവാലയത്തിലേയ്ക്ക് ആനയിച്ചു. തുടര്‍ന്നു നടന്ന പ്രസുദേന്തി വാഴ്ചയില്‍ ഈ വര്‍ഷത്തെ പ്രസുദേന്തിയ്ക്കൊപ്പം അടുത്ത വര്‍ഷത്തെ(2026) പ്രസുദേന്തിയായ സാബു ചിറ്റിലപ്പിള്ളിയെ പുഷ്പമുടിയണിയിച്ച് കത്തിച്ച മെഴുകുതിരിയും നല്കി ആശീര്‍വദിച്ചു.
ആഘോഷമായ സമൂഹബലിയില്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ സ്ററീഫന്‍ ചിറപ്പണത്തിനൊപ്പം നിരവധി വൈദികര്‍ സഹകാര്‍മികരായി. സീറോമലങ്കര റീത്തില്‍ നിന്നും റവ.ഡോ.ജോസഫ് ചേലമ്പറമ്പത്ത്(ബോണ്‍) സഹകാര്‍മികനായി. വി.കുര്‍ബാനമധ്യേ മാര്‍ തട്ടില്‍ വചന സന്ദേശം നല്കി. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിനിര്‍ഭരമാക്കി.
വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും ഉച്ചകഴിഞ്ഞ് രണ്ടിന് സാംസ്കാരിക പരിപാടികള്‍ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുത്തു സംസാരിച്ചു.
കൊളോണ്‍ അതിരൂപതയിലെ അന്താരാഷ്ട്ര അജപാലന ശുശ്രൂഷവിഭാഗം ഡയറക്ടര്‍ ഇംഗബെര്ട്ട് മ്യൂഹെ പരിപാടിയില്‍ സംബന്ധിച്ചു സംസാരിച്ചു. നാലിന് ലോട്ടറിയുടെ നറുക്കെടുപ്പും നടന്നു. 10 സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയ ലോട്ടറിയില്‍ ഒന്നാം സമ്മാനമായി ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്രചെയ്യാവുന്ന ഇക്കണോമി ക്ലാസ് എയര്‍ ടിക്കറ്റ് നല്കി.
ജര്‍മനിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന വുപ്പര്ട്ടാലിലെ ലോട്ടസ് ട്രാവല്‍സ് (സണ്ണി തോമസ് കോട്ടക്കമണ്ണില്‍) ആണ് ടിക്കറ്റ് സ്പോണ്സര് ചെയ്തത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.
43-ാം തിരുനാള്‍ ആഘോഷിക്കുന്നത്. കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴില്‍ ഇന്ത്യന്‍ കമൂണിറ്റി സ്ഥാപിതമായിട്ട് 55 വര്‍ഷമായി.