ജര്‍മനിയിലെ കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരത്തിലെത്തി
ജോസ് കുമ്പിളുവേലിൽ
Monday, June 30, 2025 5:04 PM IST
ബര്‍ലിന്‍: ജർമനിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും കുടിയേറുന്നവരിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം റിക്കാർഡ് തലത്തിലെത്തിയതായി പുതിയ പഠനം.
റോക്ക്വൂൾ ഫൗണ്ടേഷൻ ബെർലിൻ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2024ൽ യൂറോപ്യന്‍ യൂണിയന് ഇതര രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ 32.1 ശതമാനം പേർക്ക് യൂണിവേഴ്സിറ്റി ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരുന്നു.
2023ൽ ഇത് 30.9 ശതമാനം ആയിരുന്നു. കഴിഞ്ഞ ദശകത്തിലെ തുടർച്ചയായ വർധനയുടെ ഭാഗമായാണ് ഈ റിക്കാർഡ് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജർമനിയിൽ, ഇതേ കാലയളവിൽ ഉന്നതവിദ്യാഭ്യാസമുള്ള യൂറോപ്യൻ യൂണിയൻ ഇതര കുടിയേറ്റക്കാരുടെ എണ്ണം 29.4 ശതമാനത്തിൽ നിന്ന് 31.1 ശതമാനമായി ഉയർന്നു.
മറ്റ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ, ഉന്നത വിദ്യാഭ്യാസ യോഗ്യത കൈവശമുള്ളവരുടെ ശതമാനം യൂറോപ്യൻ യൂണിയനിലുടനീളം 33.8 ശതമാനത്തിൽ നിന്ന് 35.2 ശതമാനമായും ജർമനിയിൽ 28.6 ശതമാനത്തിൽ നിന്ന് 30.1 ശതമാനമായും വർധിച്ചു.
വിദ്യാഭ്യാസ നിലവാരത്തിലെ ഈ തുടർച്ചയായ വർധനവ്, കുടിയേറ്റക്കാർ യൂറോപ്യൻ യൂണിയൻ തൊഴിൽ വിപണികളിലേക്ക് കൊണ്ടുവരുന്ന സാധ്യതകളെ എടുത്തു കാണിക്കുന്നതായി
ആർഎഫ് ബർലിനിലെ സെന്റർ ഫോർ റിസർച്ച് ആൻഡ് അനാലിസിസ് ഓഫ് മൈഗ്രേഷന്റെ സഹ-ഡയറക്ടറും മിലാൻ സർവകലാശാലയിലെ പ്രഫസറുമായ ടോമാസോ ഫ്രാറ്റിനി അഭിപ്രായപ്പെട്ടു.
കുടിയേറ്റക്കാരുടെ കഴിവുകൾ പൂർണമായി ഉപയോഗപ്പെടുത്തിയാൽ അവർക്ക് യൂറോപ്യൻ യൂണിയനിലുടനീളമുള്ള സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന ചാലകമാവാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ കുടിയേറ്റക്കാർ ജോലിക്കായി ജർമനിയിലേക്ക് വരുന്നതും ശ്രദ്ധേയമാണ്. 2024ൽ, വിദേശ ജീവനക്കാരുടെ അനുപാതം 16 ശതമാനത്തിൽ കൂടുതലായിരുന്നു. 2010 മുതൽ ഇത് ഇരട്ടിയിലധികമാണ്.
മെഡിക്കൽ പ്രഫഷനുകളിലെ തൊഴിൽ അനുപാതം ഉയർന്ന നിലയിലാണ്. അതായത്, ആറ് ഡോക്ടർമാരിൽ ഒരാൾ വിദേശ പൗരനാണ്.
നൈപുണ്യ കുടിയേറ്റത്തിലെ വെല്ലുവിളികളും ആശങ്കകളും
അതേസമയം, ജർമനിയിലേക്കുള്ള നൈപുണ്യ കുടിയേറ്റം ചില വെല്ലുവിളികളും നേരിടുന്നുണ്ട്. ജർമൻ ഭാഷാ പരിജ്ഞാനം പല കുടിയേറ്റക്കാർക്കും ഒരു കടമ്പയാണ്. ഇത് കാരണം, നിരവധി നൈപുണ്യ തൊഴിലാളികൾ ജർമനി വിട്ടുപോകുന്ന പ്രവണതയും കാണുന്നുണ്ട്.
കഴിഞ്ഞയാഴ്ച ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെന്റ് റിസർച്ച് (ഐഎബി) നടത്തിയ പഠനം ആശങ്കാജനകമായ ചില വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
മറ്റ് രാജ്യങ്ങൾ സാമ്പത്തികമായി വിജയിച്ച വിദേശികൾക്ക് കൂടുതൽ ആകർഷകമാണെന്നും, നാലിൽ ഒരാൾ ജർമനി വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഈ പഠനം പറയുന്നു.
ജർമനിയിൽ ഏകദേശം 16.8 ദശലക്ഷം വിദേശികള്‍ താമസിക്കുന്നുണ്ട്. ഇവരെ ഒന്നാം തലമുറ കുടിയേറ്റക്കാരായി കണക്കാക്കുന്നു, ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 20 ശതമാനം ആണ്.
ജർമനിയിൽ 2023-ൽ 1,933,000 പേർ കുടിയേറുകയും 12,70,000 പേർ തിരികെ പോകുകയും ചെയ്തതിലൂടെ 663,000 പേരുടെ മൊത്തം കുടിയേറ്റമുണ്ടായി. ജോലി, കുടുംബ പുനരേകീകരണം, പലായനം എന്നിവയാണ് കുടിയേറ്റത്തിനുള്ള പ്രധാന കാരണങ്ങൾ.
എന്നിരുന്നാലും, മുൻ വർഷങ്ങളെ അപേക്ഷിച്ച് ജർമനിയിലേക്കുള്ള മൊത്തം കുടിയേറ്റം കുത്തനെ കുറഞ്ഞു. 2022-ൽ ഇത് 9,81,552 ആയിരുന്നു, എന്നാൽ 2024-ൽ 36,954 ആളുകളുടെ കുറവുണ്ടായി.