ജർമൻ പള്ളികളിൽ മതതീവ്രവാദികളുടെ അതിക്രമം
Thursday, July 10, 2025 10:02 AM IST
മ്യൂണിക്: ജർമനിയിൽ ദേവാലയ ശുശ്രൂഷിക്ക് കഴിഞ്ഞ ദിവസം മതതീവ്രവാദിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മയിൻസ് രൂപതയിൽപ്പെട്ട റോസ്ഗാവ് പള്ളിയിലെ ശുശ്രൂഷിക്കുനേരേയാണ് ആക്രമണമുണ്ടായത് പള്ളിമുറ്റത്തുനിന്ന് അത്യുച്ചത്തിലുള്ള പാട്ടു കേട്ട് പുറത്തിറങ്ങിയ ശുശ്രൂഷിയെ സിറിയക്കാരനായ 33 വയസുള്ള അക്രമി മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നു.
തുടർന്നു ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കുരിശുരൂപം ഇളക്കിയെടുത്ത് അത് ഒടിയുന്നതുവരെ ശുശ്രൂഷിയെ മർദിച്ചു. മതമുദ്രാവാക്യങ്ങൾ വിളിച്ചതിനൊപ്പം, “ഇയാളെ കൊല്ലാൻ എന്നെ സഹായിക്കൂ” എന്നും അക്രമി വിളിച്ചുകൂവി. ഓടിക്കൂടിയ ആളുകൾ അക്രമിയെ പോലീസിൽ ഏൽപ്പിച്ചു.
ഇതേദിവസംതന്നെ ബവേറിയ സംസ്ഥാനത്തെ ഗർമിഷ്-പാർട്ടെൻകീർഹെനിലെ സെന്റ് മാർട്ടിൻ ഇടവകപ്പള്ളി തീവച്ചു നശിപ്പിക്കാനും ശ്രമമുണ്ടായി. അൾത്താരവിരിക്കു തീകൊളുത്തിയ അക്രമിയെ പള്ളിയിൽ പ്രാർഥിക്കാനെത്തിയ ഒരു അച്ഛനും മകനുമാണ് പിടിച്ചുനിർത്തിയത്.
പാഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും തീ പടരുന്നത് തടയുകയും അക്രമിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 28കാരനായ അക്രമി രണ്ടു വനിതാപോലീസുകാരുൾപ്പെടെ മൂന്നുപേരെ മർദിച്ച് അവശരാക്കി. ഇവർ ചികിത്സയിലാണ്.
1730ൽ പണിതീർത്ത സെന്റ് മാർട്ടിൻ പള്ളിയിൽ വിഖ്യാതമായ ചുമർചിത്രങ്ങളും ശില്പങ്ങളുമുണ്ട്. പള്ളിയുടെ മച്ചിലെ ചിത്രങ്ങളും പള്ളിയിലെ പിയാനോയും അതിപ്രശസ്തമാണ്. അനേകം ടൂറിസ്റ്റുകൾ എത്തുന്ന ഈ പള്ളി തെക്കൻ ജർമനിയിലെ പ്രധാന ആകർഷണകേന്ദ്രമാണ്.
ബാഡൻ-വ്യുർട്ടംബർഗ് സംസ്ഥാനത്തെ ലാംഗെനാവ് പള്ളിയിൽ ആരാധനയ്ക്കെത്തുന്ന വിശ്വാസികൾ അനേകം മാസങ്ങളായി ചീത്തവിളികൾക്കും ശാരീരികാക്രമണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്.
സെന്റ് മാർട്ടിൻ പ്രൊട്ടസ്റ്റന്റ് പള്ളിയുടെ ഭിത്തികൾ മുഴുവൻ യഹൂദവിരുദ്ധ ഗ്രഫീത്തികൾകൊണ്ടു വികൃതമാക്കിയിരിക്കുന്നു. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെ പള്ളിപ്രസംഗത്തിൽ വികാരി റാൽഫ് സെഡ് ലാക്ക് അപലപിച്ചതാണു കാരണം.
പള്ളിയിൽ വന്ന ഒരു 84കാരനെ ഒരു അക്രമി തള്ളിയിട്ടു ചവിട്ടി പരിക്കേൽപ്പിക്കുകയുണ്ടായി. മറ്റനേകം പേർക്കും പരിക്കേറ്റു. മൂന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. അസഭ്യവർഷം കാരണം പള്ളിയിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതായി വികാരി പറഞ്ഞു.
ഹമാസ് നടത്തിയ കൂട്ടക്കൊലയും മാനഭംഗങ്ങളും തട്ടിക്കൊണ്ടുപോകലുംപോലും ശരിവയ്ക്കുന്നവർ ജർമൻ ജനാധിപത്യമൂല്യങ്ങളുടെ ശത്രുക്കളാണെന്ന് ബിഷപ് ഏണസ്റ്റ് വില്യം ഗോൾ പ്രതികരിച്ചു.