തിരുനാളിനൊരുങ്ങി മാള്‍ട്ട സെന്റ് തോമസ് സീറോമലബാര്‍ ഇടവക
Tuesday, July 1, 2025 3:29 PM IST
മാള്‍ട്ട: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ തിരുനാളിനൊരുങ്ങി സെന്റ് തോമസ് സീറോമലബാര്‍ ഇടവക. ഇടവക മധ്യസ്ഥനായ തോമാശ്ലീഹായുടെ തിരുനാളിന് ദുക്റാന തിരുനാള്‍ ദിനമായ വ്യാഴാഴ്ച (ജൂലൈ മൂന്ന്) ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ കൊടിയേറ്റുന്നതോടുകൂടി തുടക്കമാകും.
വെള്ളിയാഴ്ച ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വി. കുര്ബാനയോടനുബന്ധിച്ച് പ്രസുദേന്തി വാഴ്ച നടക്കും. ശനിയാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വാര്‍ഷികസമ്മേളനവും സ്നേഹവിരുന്നും നടക്കും.
പ്രധാനതിരുനാള് ദിനമായ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ പ്രദിക്ഷിണം നടക്കും. തുടര്‍ന്ന് 6.30ന് ചരിത്ര പ്രസിദ്ധമായ വല്ലേറ്റ സെന്റ് ജോണ്‍സ് കോ കത്തീഡ്രലില്‍ ചരിത്രത്തിലാദ്യമായി മലയാളം റാസ കുര്‍ബാന അര്‍പ്പിക്കും.
മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മികത്വം വഹിക്കുന്ന കുര്‍ബാനയില്‍ ഇടവകയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും നടക്കും.