യുക്മ യോർക്ഷയർ ആൻഡ് ഹംബർ റിജിയൺ കായിക മത്സരങ്ങൾക്ക് ഉജ്വല പരിസമാപ്തി
ജേക്കബ് കളപ്പുരയ്ക്കൽ
Tuesday, July 1, 2025 12:52 PM IST
ബാൺസ്ലി: ബാൺസ്ലി കേരള കൾചറൽ അസോസിയേഷന്റെ ആതിഥേയത്വത്തിൽ ബാൺസ്ലിയിലെ ഗൊറോത്തി ഹയ്മെൻ സ്റ്റേഡിയത്തിൽ നടന്ന 2025 യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ കായിക മത്സരങ്ങളിൽ ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ(ഹിമ) 143 പോയിന്റുമായി ഓവർ ഓൾ ചാമ്പ്യന്മാരായി.
90 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ രണ്ടാം സ്ഥാനം നേടിയപ്പോൾ 78 പോയിന്റുമായി ഗ്രിംസ്ബി കേരളൈറ്റ്സ് അസോസിയേഷനും 57 പോയിന്റുമായി കീത്ലി മലയാളി അസോസിയേഷനും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
രാവിലെ എട്ട് മുതൽ രജിസ്റ്റർ ചെയ്തവർക്ക് ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്തു. 8.45നു യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ യുക്മ പതാക ഉയർത്തിക്കൊണ്ടു തുടങ്ങിയ കായിക മാമാങ്കം രാത്രി 8.30 വരെ നീണ്ടുനിന്നു.
യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ പ്രസിഡന്റ് അമ്പിളി എസ്. മാത്യൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാൺസ്ലി മേയർ കൗൺസിലർ ഡേവിഡ് ലീച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മേയറസ് ആലിസൺ ലീച്ച് കൗൺസിലേഴ്സ് ഹെയ് വാർഡ്, ചെറിഹോം, റേയ്ചൽ പേയ്ലിംഗ് - ഹെഡ് ഓഫ് സ്ട്രോംഗർ കമ്യൂണിറ്റീസ് പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റീസ് ഫ്രം ബാർൺസ്സി, നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ,
നാഷണൽ എക്സിക്യൂട്ടീവ് അംഗം ജോസ് വർഗീസ്, റീജിയൺ സെക്രട്ടറി അജു തോമസ്, ട്രഷർ ഡോ. ശീതൾ മാർക്ക്, വൈസ് പ്രസിഡന്റുമാരായ ഡോ. അഞ്ജു ഡാനിയൽ, ജിജോ ചുമ്മാർ, ജോയിന്റ് സെക്രട്ടറിമാരായ വിമൽ ജോയ്, ബിജിമോൾ രാജു, ജോയിന്റ് ട്രഷറർ അരുൺ ഡൊമിനിക്,
സ്പോർട്സ് കോഓർഡിനേറ്റർ സുജീഷ് പിള്ള, ആർട്സ് കോഓർഡിനേറ്റർ ആതിര മജ്നു, പിആർഒ ജേക്കബ് കളപ്പുരക്കൽ, വള്ളംകളി കോഓർഡിനേറ്റർ എൽദോ എബ്രഹാം, യുക്മ ന്യൂസ് കോഓർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, യുക്മ ചാരിറ്റി കോർഡിനേറ്റർ റൂബിച്ചൻ എന്നിവരും സന്നിഹിതരായിരുന്നു.
നാഷണൽ കൗൺസിൽ അംഗം ജോസ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച വർണശബളമായ മാർച്ചു പാസ്റ്റിന്റെ സല്യൂട്ട് മേയറും റീജിയണൽ പ്രസിഡന്റും ഏറ്റുവാങ്ങി. 13 അസോസിയേഷനുകളിൽ നിന്നും മുന്നൂറിൽപരം കായിക താരങ്ങൾ പങ്കെടുത്ത കായികമത്സരങ്ങളിൽ റീജിയണിൽ നിന്നുള്ള അനേകം കായിക പ്രേമികളുടെ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്.
വോളന്റിയേഴ്സിന്റെ ആത്മാർഥമായ സഹകരണം കൊണ്ട് ഒരേ സമയം ട്രാക്കിലും ഫീൽഡിലുമായി വിവിധ ഇനങ്ങൾ നടത്തികൊണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ ഓഫീസ് കാര്യങ്ങൾ നിർവഹിച്ചു.
പുരുഷ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി വിനീഷ് പി. വിജയനും വനിതാ വിഭാഗത്തിൽ നിരഞ്ജന വിനീഷും ഗാബിൻ ഗ്രൈജോയും ചാമ്പ്യന്മാരായി. സ്പോർട്സ് ഡേയോട് അനുബന്ധിച്ച് നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ സ്കൻതോർപ് മലയാളി അസോസിയഷൻ(എസ്എംഎ) ചാമ്പ്യന്മാരായപ്പോൾ ലീഡ്സ്(ലിമ) രണ്ടാം സ്ഥാനം നേടി.
13 ടീമുകൾ പങ്കെടുത്ത ശക്തമായ മത്സരങ്ങൾക്കൊടുവിൽ സമയം അതിക്രമിച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് ഫുട്ബോൾ ചാമ്പ്യനെ തെരഞ്ഞെടുത്തത്. കാണികളിൽ ആവേശം ഉണർത്തിയ വടംവലി മത്സരവും നടന്നു.
ഏഴ് ടീമുകൾ പങ്കെടുത്ത കനത്ത മത്സരത്തിനൊടുവിൽ ഷെഫീൽഡ് ജേതാക്കളും ചെസ്റ്റർഫീൽഡ് റണ്ണർ അപ്പുമായി. വിജയികൾക്ക് റീജിയണൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
റീജിയണിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വർക്കായിരിക്കും ജൂൺ 28നു ബർമിംഗ്ഹാമിൽ നാഷണൽ സ്പോർട്സിൽ മത്സരിക്കുവാൻ അവസരമുള്ളത്.
ഈ കായിക മാമാങ്കം ഒരു അത്യുജ്വല വിജയമാക്കി തന്ന എല്ലാവരെയും കമ്മിറ്റി അംഗങ്ങൾ നന്ദി അറിയിച്ചു. കമ്മിറ്റി അംഗങ്ങൾ ഒരേ യൂണിഫോമിലുള്ള സ്പോർട്സ് ഗിയറിൽ വന്നതും ഒരുമയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായി. റീജിയണിലുള്ളവർക്ക് പരസ്പരം കാണുവാനും സംസാരിക്കുവാനും സൗഹൃദം പുതുക്കുവാനും കഴിഞ്ഞു.
റീജിയണൽ കായിക മത്സരങ്ങളിൽ അന്റോണിയോ ഗ്രോസറീസ്, സെനിത്ത് സോളിസിറ്റേഴ്സ്, ജിയ ട്രാവൽസ്, ജെഎംപി സോഫ്റ്റ്വെയർ, തക്കോലം റസ്റ്റോറന്റ് ഷെഫീൽഡ് എന്നിവർ സ്പോൺസേഴ്സായിരുന്നു.
യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയൺ കായികമേള മികച്ച വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും റീജിയൺ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം, ദേശീയ സമിതിയംഗം ജോസ് വർഗീസ്, പ്രസിഡന്റ് അമ്പിളി മാത്യൂസ്, സെക്രട്ടറി അജു തോമസ് എന്നിവർ നന്ദി അറിയിച്ചു.