മാഞ്ചസ്റ്റർ തിരുനാൾ: ഫാ. സുനി പടിഞ്ഞാറേക്കര നൊവേന അർപ്പിക്കും
Tuesday, July 1, 2025 5:37 PM IST
മാഞ്ചസ്റ്റർ: യുകെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാഞ്ചസ്റ്റർ സെന്റ് തോമസ് ദ അപ്പോസ്തൽ മിഷനിൽ മാർ തോമാശ്ലീഹായുടേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാളാഘോഷങ്ങളുടെ മൂന്നാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം 5.30ന് റവ. ഫാ. സുനി പടിഞ്ഞാറേക്കര (ഡയറക്ടർ സെന്റ് മേരീസ് ക്നാനായ മിഷൻ, മാഞ്ചസ്റ്റർ) ദിവ്യബലിയും നൊവേനയും അർപ്പിക്കും.
ഇന്നത്തെ ദിവ്യബലിയിലെയും നൊവേനയിലെയും പ്രാർഥനകളിലെ പ്രത്യേക നിയോഗം കാറ്റിക്കിസം, എസ്എംവെെഎം, സിഎംഎൽ & സാവിയോ ഫ്രണ്ട്സ്, സെന്റ് ഫ്രാൻസീസ് അസീസി യൂണിറ്റ്, സെന്റ് ജോസഫ് & സെന്റ് ഹ്യൂഗ്സ് യൂണിറ്റ് എന്നീ സംഘടനകളിലെ പ്രവർത്തകർക്കും കുടുംബ കൂട്ടായ്മകളിലെ കുടുംബങ്ങൾക്കും വേണ്ടിയാണ്.
തിങ്കളാഴ്ച വൈകുന്നേരം നടന്ന ദിവ്യബലിക്കും നൊവേനയ്ക്കും മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ ഡയറക്ടർ റവ.ഫാ. വിൻസെന്റ് ചിറ്റിലപ്പിള്ളി മുഖ്യകാർമികനായിരുന്നു.
ബുധനാഴ്ച സാൽഫോർഡ് സെന്റ് എവുപ്രാസ്യാ മിഷൻ ഡയറക്ടർ ഫാ. സാന്റോ വാഴേപറമ്പിൽ മുഖ്യ കാർമികനാവും. വ്യാഴാഴ്ച ഷ്രൂഷ്ബറി രൂപത വികാരി ജനറൽ ഫാ. മൈക്കിൾ ഗാനൻ കാർമികനാവുമ്പോൾ വെള്ളിയാഴ്ച നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ ഡയറക്ടർ ഫാ.ജോബി ജോൺ ഇടവഴിക്കലായിരിക്കും ദിവ്യബലി അർപ്പിക്കുക
പ്രധാന തിരുന്നാൾ ദിനമായ ശനിയാഴ്ച രാവിലെ 9.30 മുതൽ അത്യാഘോഷപൂർവ്വമായ തിരുനാൾ കുർബാനയ്ക്ക് തുടക്കമാകും. ആഷ്ഫോർഡ് മാർ സ്ലീവാ മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമികനാവുമ്പോൾ ഒട്ടേറെ വൈദീകർ സഹകാർമികരാകും.
തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
തുടർന്ന് നേർച്ചവിതരണവും ഉണ്ടായിരിക്കും. തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്റ്റർ ഫാ. ജോസ് കുന്നുംപുറം, ട്രസ്റ്റിമാരായ ടോണി കുര്യൻ, ജയൻ ജോൺ, ദീപു ജോസഫ് എന്നിവരുടെയും പാരീഷ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.
മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ.ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.