യുക്മ വെയിൽസ് റീജണൽ കായികമേളയിൽ കാർഡിഫ് മലയാളി അസോസിയേഷൻ ഓവറോൾ ചാന്പ്യന്മാർ
റിയോ ജോണി
Wednesday, July 2, 2025 1:45 AM IST
കാർഡിഫ്: യുക്മ വെയിൽസ് റീജണൽ കായികമേള കാർഡിഫിലെ സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. കാർഡിഫ് മലയാളി അസോസിയേഷൻ 174 പോയിന്റോടെ ഓവറോൾ ചാന്പ്യൻഷിപ് കരസ്ഥമാക്കി.
മലയാളി വെൽഫെയർ അസോസിയേഷൻ ബാരി 98 പോയിന്റുമായി രണ്ടാം സ്ഥാനവും ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ 96 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. ന്യൂപോർട് കേരള കമ്യൂണിറ്റി 22 പോയിന്റ് നേടി നാലാം സ്ഥാനത്തെത്തി.
മാർച്ചു ഫാസ്റ്റിന് ശേഷം നടന്ന യോഗത്തിൽ യുക്മയുടെ ദേശീയ ജോയിന്റ് ട്രഷററും ദേശീയ കായികമേള ജനറൽ കൺവീനറുമായ പീറ്റർ താണോലിൽ വെയിൽസ് റീജണൽ കായികമേള ഉദ്ഘാടനം ചെയ്തു.
യുക്മ വെയിൽസ് റീജണൽ പ്രസിഡന്റ് ജോഷി തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ കായികമേളക്ക് ആശംസകൾ അറിയിച്ചു. യുക്മ സാംസ്കാരികവേദി കൺവീനർ ബിനോ ആന്റണി യോഗത്തിൽ സന്നിഹിതനായിരുന്നു. ഗീവർഗീസ് മാത്യു സ്വാഗതം പറഞ്ഞു.
റീജണൽ സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറർ റ്റോമ്പിൽ കണ്ണത്ത്, വെയിൽസ് റീജണൽ കമ്മിറ്റി അംഗങ്ങളായ മാമൻ കടവിൽ, ബെർലി തുടങ്ങിയവർ കായികമേളയ്ക്ക് നേതൃത്വം നൽകി.
വ്യക്തിഗത ചാന്പ്യൻഷിപ്പിൽ കിഡ്സ് ആൺകുട്ടികളുടെ വിഭാഗത്തിൽ ഐഡൻ പോളി (ബ്രിഡ്ജ്ണ്ട്), അഹൻ പ്രിൻസ് (ബാരി) എന്നിവരും കിഡ്സ് പെൺകുട്ടികളുടെ വിഭാഗത്തിൽ ആഞ്ജലീന റോസ് ലാലിൻ (ബ്രിഡ്ജ്ണ്ട്) എന്നിവരും വിജയികളായി.
സബ് ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഹ്സൻ സാജുവും (കാർഡിഫ്), സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഐറീൻ ബൈജുവും (ബ്രിഡ്ജ്ണ്ട്), ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ജോഷ് ജോബിയും (കാർഡിഫ്), ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഫിയ പോളും (കാർഡിഫ്) ചാന്പ്യന്മാരായി.

സീനിയർ പുരുഷ വിഭാഗത്തിൽ ഡിലൻ ജോസഫും (ന്യൂപോർട്), സീനിയർ സ്ത്രീ വിഭാഗത്തിൽ ഇവാന പോളും (കാർഡിഫ്), അഡൽട്സ് പുരുഷ വിഭാഗത്തിൽ ജോബ് ജോണും (കാർഡിഫ്), അഡൽട്സ് സ്ത്രീ വിഭാഗത്തിൽ റിയയും (ബ്രിഡ്ജ്ണ്ട്), സീനിയർ അഡൽട്സ് പുരുഷ വിഭാഗത്തിൽ ഗീവർഗീസ് മാത്യുവും (ബാരി), സൂപ്പർ സീനിയർ പുരുഷ വിഭാഗത്തിൽ ബിജു പോളും (കാർഡിഫ്) വ്യക്തിഗത ചാന്പ്യഷിപ്പ് കരസ്ഥമാക്കി.

വെയിൽസ് റീജണൽ കായിക മേള വൻ വിജയമാക്കാൻ സഹകരിച്ച കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോൾ, ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ പ്രസിഡന്റ് രതീഷ് രവി, ബാരി മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ടോംബിൾ കണ്ണത്ത്, ന്യൂപോർട് കേരള കമ്യൂണിറ്റി പ്രസിഡന്റ് തോമസുകുട്ടി ജോസഫ്, മെർത്യർ മലയാളി അസോസിയേഷൻ പ്രസിഡന്റ് അലൻ പോൾ എന്നിവർക്കും കായികമേള ഉദ്ഘാടനം ചെയ്ത പീറ്റർ താണോലിലിനും എല്ലാവിധ സഹായങ്ങളും നൽകിയ കമ്മിറ്റി അംഗങ്ങൾക്കും കായികമേളയിൽ പങ്കെടുത്ത എല്ലാ കായികതാരങ്ങൾക്കും യുക്മ വെയിൽസ് റീജണൽ വൈസ് പ്രസിഡന്റ് പോളി പുതുശേരി നന്ദി അറിയിച്ചു.