രാജു കുന്നക്കാട്ടിന് സംസ്കാര സാഹിത്യവേദി പുരസ്കാരം
ജോസ് കുമ്പിളുവേലിൽ
Monday, July 7, 2025 5:00 PM IST
തിരുവനന്തപുരം: സംസ്കാര സാഹിത്യവേദിയുടെ ഈ വർഷത്തെ മികച്ച നാടകരചനക്കുള്ള പുരസ്കാരം രാജു കുന്നക്കാട്ടിന് ലഭിച്ചു. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ "ഒലിവ് മരങ്ങൾ സാക്ഷി' എന്ന നാടകത്തിനാണ് അവാർഡ്.
ഈ നാടകത്തിന് ലഭിക്കുന്ന ഏഴാമത്തെ പുരസ്കാരമാണിത്. നാടകത്തിന്റെ സംവിധായകനും നടനുമായ ബെന്നി ആനിക്കാടിനും നടനും കാർട്ടൂൺ അക്കാദമി മുൻ ചെയർമാനുമായ പ്രസന്നൻ ആനിക്കാടിനും നേരത്തെ ഈ നാടകത്തിന് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
നാടകത്തിലെ ഗാനം രചിച്ചത് ജോസ് കുമ്പിളുവേലിയാണ്. ഈ മാസം 20ന് തിരുവനന്തപുരം അച്യുത മേനോൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
പ്രശസ്ത സാഹിത്യകാരന്മാരായ പള്ളിയറ ശ്രീധരൻ, പ്രഫ. ജി.എൻ. പണിക്കർ, ഡോ. സി. ഉദയകല, ശ്രീകുമാർ മുഖത്തല എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
രാജൻ പി. ദേവ് അവാർഡ്, ശംഖുമുദ്ര പുരസ്കാരം, ആറന്മുള സത്യവ്രതൻ പുരസ്കാരം, വേദി ടു വേദി കലാരത്ന പുരസ്കാരം, വേൾഡ് മലയാളി കൗൺസിൽ പുരസ്കാരം, പള്ളിക്കത്തോട് പൗരാവലി പുരസ്കാരം, അയർലൻഡിലെ മൈൻഡ് ഐക്കോൺ അവാർഡ് എന്നിവ രാജു കുന്നക്കാട്ടിന് നേരത്തെ ലഭിച്ചിട്ടുണ്ട്.
വേൾഡ് മലയാളി കൗൺസിൽ കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറിയാണ് രാജു കുന്നക്കാട്ട്. അയർലൻഡിലെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ രാജു കുന്നക്കാട്ട് ഡബ്ലിനിലാണ് താമസിക്കുന്നത്.
കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. ഭാര്യ എൽസി നഴ്സാണ്. രണ്ടു മക്കളുണ്ട്.