ബിഹാർ വോട്ടർപട്ടിക: വിവാദം കൊഴുക്കുന്നു
സ്വന്തം ലേഖകൻ
Monday, July 7, 2025 3:40 AM IST
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞടുപ്പ് കമ്മീഷൻ ഉത്തരവിട്ട വോട്ടർപട്ടികയിലെ തീവ്രപരിശോധനയെച്ചൊല്ലി ആശയക്കുഴപ്പവും പ്രതിഷേധവും. അതേസമയം, പരിശോധന താഴെതലത്തിൽ സുഗമമായി നടക്കുന്നുണ്ടെന്നും നിർദേശങ്ങളിൽ മാറ്റമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ടർമാർക്ക് ഈ മാസം 25ന് മുന്പ് എപ്പോൾ വേണമെങ്കിലും യോഗ്യത തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ സാധിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
കൃത്യമായ രേഖകളില്ലെങ്കിൽ ഫോമുകൾ പൂരിപ്പിച്ച് ബൂത്ത് ലെവൽ ഓഫീസർമാർക്ക് കൈമാറിയാൽ മതി എന്ന് ആഹ്വാനം ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പരസ്യം ബിഹാറിലെ ദിനപത്രത്തിൽ അച്ചടിച്ചു വന്നത് ആശയക്കുഴപ്പമുണ്ടാക്കിയതിനു പിന്നാലെയാണ് വിശദീകരണവുമായി കമ്മീഷൻ രംഗത്തുവന്നത്. ഇപ്പോൾ ഫലത്തിൽ അന്തിമതീരുമാനം ബൂത്ത് ലെവൽ ഓഫീസർമാരിലേക്കു വന്നിരിക്കുകയാണ്.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ അവസാന തീരുമാനം എടുക്കുന്നത് കൂടുതൽ സങ്കീർണത ഉണ്ടാക്കുമെന്നും ഏകപക്ഷീയ തീരുമാനത്തിലേക്ക് നയിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു.
യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ കൈവശമില്ലെങ്കിൽ പൂരിപ്പിച്ച ഫോം മാത്രം ബൂത്ത് ലെവൽ ഓഫീസർക്ക് കൈമാറിയാൽ മതി. തുടർന്ന് പ്രാദേശിക അന്വേഷണത്തിന്റെയും മറ്റ് അനുബന്ധ രേഖകൾ പരിശോധിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും ദിനപത്രത്തിൽ വന്ന പരസ്യത്തിൽ പറയുന്നു.
യോഗ്യത തെളിയിക്കുന്നതിന് ആവശ്യപ്പെട്ട രേഖകൾ വേണമെന്ന നിബന്ധന ഇപ്പോഴും നിലവിലുണ്ടെന്നും വോട്ടർമാർ ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിൽ ആകരുതെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.