അസോസിയേറ്റഡ് ജേർണൽസ് ആസ്തികൾ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമിച്ചതെന്നു കോണ്ഗ്രസ്
Sunday, July 6, 2025 1:43 AM IST
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എജെഎൽ) ആസ്തികൾ അഖിലേന്ത്യാ കോണ്ഗ്രസ് കമ്മിറ്റി (എഐസിസി) വിൽക്കാൻ ശ്രമിച്ചിട്ടില്ലെന്നു കോണ്ഗ്രസ് കോടതിയിൽ.
നേരേമറിച്ചു സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ എജെഎൽ സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാനാണ് എഐസിസി ശ്രമിച്ചതെന്നു കോണ്ഗ്രസ് നേതാവായ രാഹുലിനുവേണ്ടി അഭിഭാഷകനായ ആർ.എസ്. ചീമ പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെയുടെ മുന്നിൽ വാദിച്ചു.
എജെഎൽ എല്ലായ്പ്പോഴും ലാഭത്തിൽ പ്രവർത്തിച്ച സ്ഥാപനമല്ല. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായ ഒരു സ്ഥാപനം വീണ്ടെടുക്കാൻ എഐസിസി ശ്രമിക്കുകയായിരുന്നു. 2008ൽ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു റിയൽ എസ്റ്റേറ്റ് കന്പനിയായി പ്രവർത്തിക്കാൻ തുടങ്ങിയെന്ന ആരോപണത്തിനു വസ്തുതാപരമായ അടിസ്ഥാനമില്ലെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നിക്ഷേപങ്ങളുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണ് എജെഎല്ലിന്റെ ഉടമസ്ഥർ. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ നിലവിലുള്ള "നാഷണൽ ഹെറാൾഡ്’ ദിനപത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്ലിന്റെ ഉടമസ്ഥാവകാശം യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്പോൾ നടത്തിയ സാന്പത്തികക്രമക്കേടുകളും ഫണ്ട് ദുരുപയോഗവുമാണ് നാഷണൽ ഹെറാൾഡ് കേസ്.
2000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ലഭിക്കുന്നതിനായി യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എജെഎല്ലിന്റെ സ്വത്തുക്കൾ ദുരുദ്ദേശ്യപരമായി ഏറ്റെടുത്തുവെന്നാണ് കോണ്ഗ്രസ് നേതാക്കൾക്കെതിരേയുള്ള ആരോപണം.