ട്രംപിന്റെ തീരുവ സമയപരിധി; മോദി സൗമ്യമായി വഴങ്ങുമെന്ന് രാഹുൽ
Sunday, July 6, 2025 1:43 AM IST
ന്യൂഡൽഹി: അമേരിക്ക ആഗോളരാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച പരസ്പരതീരുവകളുടെ മരവിപ്പിക്കൽ ഈ മാസം ഒന്പതിന് അവസാനിക്കാനിരിക്കേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യങ്ങളോട് കേന്ദ്രം വഴങ്ങുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ട്രംപ് ഇന്ത്യക്കുമേൽ പ്രഖ്യാപിച്ചിട്ടുള്ള 26 ശതമാനം പരസ്പരതീരുവ ഒഴിവാക്കാനായി അമേരിക്കയുമായി കേന്ദ്രത്തിന്റെ വ്യാപാര ചർച്ചകൾ പുരോഗമിക്കുന്പോഴാണ് രാഹുലിന്റെ പ്രസ്താവന.
അമേരിക്കയുമായുള്ള വ്യാപാരകരാർ ചർച്ചകളിൽ ഇന്ത്യ സമയപരിധിയേക്കാൾ രാജ്യതാത്പര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയടങ്ങുന്ന വാർത്താശകലം എക്സിൽ പങ്കുവച്ചായിരുന്നു രാഹുൽ പ്രതികരിച്ചത്.
ട്രംപിന്റെ താരിഫ് സമയപരിധിക്കുമുന്നിൽ മോദി സൗമ്യമായി വഴങ്ങുമെന്നായിരുന്നു പിയൂഷ് ഗോയലിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് രാഹുൽ എക്സിൽ കുറിച്ചത്.
അമേരിക്കയുമായി നടത്തുന്ന ഇടക്കാല വ്യാപാര കരാർ ചർച്ചകളിൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനിതകമാറ്റം വരുത്തിയ വിളകൾക്കും പശുവിൻപാലിനും തീരുവ കുറക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാൽ അത്തരമൊരു നീക്കം ഇന്ത്യയിലെ കർഷകരെ ബാധിക്കുമെന്നതിനാൽ ഇന്ത്യ ഇതുവരെ അനുകൂല നിലപാടെടുത്തിട്ടില്ല.
ശക്തമായ നിലയിൽനിന്നുകൊണ്ടാണു ഞങ്ങൾ ചർച്ചകൾ നടത്തുന്നതെന്നും സമയപരിധിക്കു കീഴിലല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രാഹുലിന്റെ പ്രസ്താവനയ്ക്കെതിരേ പ്രതികരിച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് ദേശീയ താത്പര്യങ്ങൾ പരിഗണിക്കാതെ കരാറുകളിൽ ഒപ്പിട്ടിരുന്നുവെന്നും പിയൂഷ് ഗോയൽ ആരോപിച്ചു.