വെളിച്ചെണ്ണവിലയ്ക്കു കടിഞ്ഞാൺ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, July 7, 2025 12:46 AM IST
ഓവർ ഹീറ്റായി മാറിയ വെളിച്ചെണ്ണ വിപണി സാങ്കേതിക തിരുത്തലിന് തയാറെടുക്കുന്നു. മാസങ്ങളായി അസംസ്കൃത വസ്തുകളുടെ ക്ഷാമത്തിൽ ഞെരിഞ്ഞ് അമർന്ന കൊപ്രയാട്ട് വ്യവസായ രംഗം മറ്റു മാർഗങ്ങളില്ലാതെ കിട്ടുന്ന വിലയ്ക്ക് കൊപ്രയും തേങ്ങയും ശേഖരിച്ച് തോന്നുന്ന വിലയ്ക്ക് വിറ്റ് വെളിച്ചെണ്ണയെ തെങ്ങോളം ഉയർത്തിയപ്പോൾ അറിഞ്ഞില്ല വിപണി അപകടനിലയും കടന്ന് മുന്നേറിയെന്ന്.
ഒരു വർഷകാലയളവിൽ ഇരട്ടിയിലേറെ വില കുതിച്ചതിനിടയിൽ സംസ്ഥാനത്തെ 35 ലക്ഷം വരുന്ന നാളികേര കർഷക കുടുംബങ്ങൾക്ക് കാര്യമായ പ്രയോജനം ഈ വിലവർധനയിൽ ലഭിച്ചതുമില്ല.
പ്രതികൂല കാലാവസ്ഥയിൽ വിളവ് ചുരുങ്ങിയതിനാൽ വിലക്കയറ്റത്തിന്റെ നേട്ടം മുഴുവൻ മധ്യവർത്തികൾ കൈപിടിയിൽ ഒതുക്കി. മുന്നിലുള്ളത് ചിങ്ങമാസമാണ്, കേരളത്തിൽ ഏറ്റവും കൂടുതൽ വെളിച്ചെണ്ണയുടെ വിൽപ്പന നടക്കുന്ന സന്ദർഭം. ഈ അവസരത്തിൽ വിപണിക്ക് ആവശ്യമായ എണ്ണ കൈമാറാൻ അർധസർക്കാർ സ്ഥാപനമായ കേരഫെഡിനാവില്ലെന്നു വ്യക്തം. സീസൺ കാലയളവിൽ കൊപ്രയും പച്ചത്തേങ്ങയും സംഭരിക്കുന്നതിൽ അവർ കാണിച്ച അനാസ്ഥ ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് അയൽസംസ്ഥാനങ്ങളിലെ ഊഹക്കച്ചവടക്കാർ.
കഴിഞ്ഞ ദിവസം കാങ്കയത്ത് വെളിച്ചെണ്ണ വില ക്വിന്റലിന് 40,000 രൂപയിലെത്തി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലം ദർശിച്ചു. വിപണി അമിതമായി ഉയർന്ന സാഹചര്യത്തിൽ ഒരു സാങ്കേതിക തിരുത്തൽ അനിവാര്യമായ ഘട്ടമാണ്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ 36,000 - 32,000 റേഞ്ചിലേക്ക് വെളിച്ചെണ്ണ കുറഞ്ഞാൽ 25,000 രൂപയിൽ നിലകൊള്ളുന്ന കൊപ്ര 21,000-20,000 രൂപയ്ക്ക് സംഭരിക്കാൻ മില്ലുകാർ നീക്കം നടത്താം. അത്തരം ഒരു തിരുത്തൽ വിപണിയിൽ അനുഭവപ്പെട്ടാൽ ഓണവേളയിൽ വെളിച്ചെണ്ണ 44,000ത്തിനു മുകളിലേക്ക് തിരിച്ചുവരവും നടത്തും. വാരാന്ത്യം കൊച്ചിയിൽ എണ്ണ വില 39,900 രൂപയിലാണ്.
മികവു കാട്ടി കുരുമുളക്
അന്തർസംസ്ഥാന വാങ്ങലുകാരിൽ നിന്നുള്ള അന്വേഷണങ്ങളുടെ ചുവടു പിടിച്ച് കുരുമുളക് തുടർച്ചയായ രണ്ടാം വാരത്തിലും മികവു കാണിച്ചു. ഉത്തരേന്ത്യൻ വാങ്ങലുകാർ കരുതലോടെയാണ്് വിപണിയെ സമീപിക്കുന്നത്. തിരക്കിട്ട് വൻ ഓർഡറുമായി ഇറങ്ങിയാൽ വില കുതിച്ചുയരുമെന്ന് അവർക്ക് വ്യക്തമായറിയാം. അതുകൊണ്ടുതന്നെ ടെർമിനൽ വിപണിയെ തഴഞ്ഞ് ഉത്പാദക മേഖലകളെ ചരക്കിനായി അവർ ആശ്രയിച്ചു.

എന്നാൽ, കാർഷിക മേഖലയാവട്ടെ, മുളകു നീക്കം നിയന്ത്രിച്ചത് വാങ്ങലുകാരെ അസ്വസ്ഥരാക്കി. കൊച്ചി മാർക്കറ്റിൽ വില രണ്ടാഴ്ച്ചകളിൽ 1200 രൂപ ഉയർന്ന് വാരാവസാനം അൺ ഗാർബിൾഡ് കുരുമുളക് 66,900 രൂപയിൽ വിപണനം നടന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8300 ഡോളർ.
ഏലം കർഷകർ പ്രതീക്ഷയിൽ
ഏലം വിളവെടുപ്പ് രംഗം സജീവമായതിനൊപ്പം ലേല കേന്ദ്രങ്ങളിൽ പുതിയ ചരക്ക് വിൽപ്പനയ്ക്ക് കൂടുതലായി എത്തിത്തുടങ്ങി. കാലാവസ്ഥ കണക്കിലെടുത്താൽ ഉത്പാദനം വരും മാസങ്ങളിൽ ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ചരക്കുവരവ് ഉയർന്നതോടെ വാങ്ങലുകാർ ലേലത്തിൽ പിടിമുറുക്കുന്നുണ്ട്. ഗൾഫ് മേഖലയിൽനിന്നും കൂടുതൽ ആവശ്യക്കാർ മാസത്തിന്റെ രണ്ടാം പകുതിയിൽ രംഗത്ത് ഇറങ്ങുമെന്നാണു സൂചന. ആഭ്യന്തര മാർക്കറ്റിലും ഏലത്തിന് ആവശ്യകാരുണ്ട്. വാരാവസാനം ശരാശരി ഇനങ്ങൾ കിലോ 2450 രൂപ റേഞ്ചിലാണ്.
ടാപ്പിംഗ് ഊർജിതമാക്കാൻ കർഷകർ
ടാപ്പിംഗ് ഊർജിതമാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനത്തെ റബർ ഉത്പാദകർ. കാലവർഷമെത്തിയ ആദ്യമാസത്തിൽ കാര്യമായ റബർ വെട്ടിന് അവസരം ലഭിക്കാതെ തോട്ടങ്ങളിൽനിന്നും വിട്ടുനിന്ന കർഷകർ ഇനി മുന്നിലുള്ള അഞ്ച് മാസങ്ങളിൽ ഉത്പാദനം ഉയർത്താൻ ശ്രമം നടത്തും. ഇതിനിടയിൽ ഉത്പാദകർക്ക് ആവേശം പകരാൻ ടയർ കമ്പനികൾ നാലാം ഗ്രേഡ് ഷീറ്റ് വില 200 രൂപയ്ക്ക് മുകളിൽ നിലനിർത്തി, വ്യവസായികളുടെ ഈ തന്ത്രം അവർക്ക് ആഭ്യന്തര മാർക്കറ്റിൽ നിന്നും ആവശ്യാനുസരണം ഷീറ്റ് കൈക്കലാക്കാൻ അവസരം ഒരുക്കും.

എന്നാൽ, പിന്നിട്ട വാരത്തിലും ടയർ നിർമാതാക്കൾ ഷീറ്റിൽ കാര്യമായ താത്പര്യം കാണിച്ചില്ല. പുതിയ ചരക്ക് വൈകാതെ വിപണിയിലെത്തുമെന്ന് അവർ കണക്ക് കൂട്ടുന്നു. ബാങ്കോക്കിൽ റബർ വില 194ലേക്ക് താഴ്ന്നു. ജപ്പാനിൽ റബർ കിലോ 308-317 യെന്നിൽ ചാഞ്ചാടി.
ആഭരണകേന്ദ്രങ്ങളിൽ പവന്റെ വിലയിൽ ചാഞ്ചാട്ടം. വാരത്തിന്റെ തുടക്കത്തിൽ 71,440 രൂപയിൽ വിപണനം നടന്ന പവൻ പിന്നീട് 72,840 വരെ ഉയർന്ന ശേഷം വാരാവസാനം 72,480 രൂപയിലാണ്. ഗ്രാമിനു വില 9060 രൂപ.