ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്ക്: യൂറോപ്പിലെ വ്യോമഗതാഗതം താറുമാറായി
ജോസ് കുമ്പിളുവേലിൽ
Tuesday, July 8, 2025 11:13 AM IST
പാരീസ്: മികച്ച തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെട്ട് എയർ ട്രാഫിക് കൺട്രോളർമാർ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. സമരത്തിന്റെ രണ്ടാം ദിനത്തിൽ യൂറോപ്പിലുടനീളം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി.
വേനൽ അവധിക്കാലം ആരംഭിക്കുന്നതിനാൽ ഫ്രാൻസിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ മാത്രമല്ല, രാജ്യത്തിന് മുകളിലൂടെ പറക്കുന്ന നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കാൻ ഫ്രഞ്ച് വ്യോമയാന അധികാരികൾ വിമാനക്കമ്പനികളോട് നിർദ്ദേശിച്ചു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി യൂറോപ്പിൽ ഏകദേശം 1,500 വിമാനങ്ങൾ റദ്ദാക്കുകയും ഇത് 3,00,000 ത്തോളം യാത്രക്കാരെ ബാധിക്കുകയും ചെയ്തതായി യൂറോപ്യൻ എയർലൈൻസ് ഫോർ യൂറോപ്പ് അസോസിയേഷൻ അറിയിച്ചു.
യാത്രക്കാരുടെ എണ്ണത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ റയാനെയർ 400ലധികം വിമാനങ്ങൾ റദ്ദാക്കിയതായി അറിയിച്ചു. ഏറ്റവും കൂടുതൽ യാത്രാതടസം നേരിട്ടത് പാരീസ് വിമാനത്താവളത്തിലെ വിമാനങ്ങളായിരുന്നു.
വേനൽ അവധിക്കാലത്തിന് തൊട്ടുമുമ്പുള്ള ഫ്രാൻസിലെ സ്കൂളുകളുടെ അവസാന ദിവസമായ വെള്ളിയാഴ്ചയിലെ പണിമുടക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. ഒട്ടറെ കുടുംബങ്ങൾ നേരത്തെയുള്ള യാത്രകൾക്കായി പദ്ധതിയിട്ടിരുന്നതും പണിമുടക്കിൽ താളം തെറ്റി.