ബിര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയുടെ ജയം വന്നത് ഇങ്ങനെ...
Monday, July 7, 2025 11:29 PM IST
അനീഷ് ആലക്കോട്
അഞ്ച് ദിവസത്തെ അധ്വാനത്തിന്റെ ആകെത്തുകയാണ് ഒരു ടെസ്റ്റ് ജയമെന്നു പൊതുകാഴ്ചപ്പാട്. സമയംകൊല്ലി, ബോറന് പരിപാടി എന്നെല്ലാമുള്ള വിശേഷണം വേറെ. രണ്ട് ടീമിനുമായി നാല് ഇന്നിംഗ്സ്, 40 വിക്കറ്റ്, ഒരുദിനം 30 ഓവര്‍ വീതമുള്ള മൂന്നു സെഷന്, ഇന്നിംഗ്സിന്റെ തുടക്കത്തിലും 80 ഓവറിനുശേഷവും ന്യൂബോള്‍, ഡ്രിങ്ക്സ്-ലഞ്ച്-ടീ ബ്രേക്കുകള്‍; ഇതെല്ലാമുള്ള അഞ്ച് ദിനം. ഇത്രയൊക്കെയുള്ള ടെസ്റ്റിനെ, വലിയ ലെന്‍സിലൂടെ നോക്കിയാല്‍ മാത്രമേ ആസ്വദിക്കാന്‍ സാധിക്കൂ...
ആ ലെന്‍സിലെ ആദ്യകാഴ്ച; ബൗളര്‍മാരാണ് ടെസ്റ്റ് ജയിപ്പിക്കുന്നതെന്നത്. ബാറ്റര്‍മാരുടെ 100നും 200നും 300നും വിലയില്ലെന്നല്ല. ഒരു ടീമിനെ ഏറ്റവും കുറച്ചു റണ്‍സ് വഴങ്ങി രണ്ടു തവണ പുറത്താക്കുന്നതാരോ അവരായിരിക്കും ടെസ്റ്റ് ജേതാക്കള്‍; അതു ബൗളര്മാര്ക്കുമാത്രം സാധ്യം. ബിര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 407നും 271നും പുറത്താക്കി. ഇന്ത്യയെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ പുറത്താക്കിയെങ്കിലും 587 റണ്‍സ് വഴങ്ങി, രണ്ടാം ഇന്നിംഗ്സില്‍ പുറത്താക്കാന്‍ സാധിച്ചുമില്ല (427/7). ഫലത്തില്‍ ഇന്ത്യക്ക് 336 റണ്‍സിന്റെ റിക്കാര്‍ഡ് ജയം.
ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ മൈതാനത്ത് ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് ജയിച്ച ഇന്ത്യയുടെ പ്രകടനത്തിലേക്കൊരു ലെന്‍സ് ഫോക്കസ്...
ബാസിനെ വീഴ്ത്തിയ ന്യൂബോള്‍
ഇംഗ്ലണ്ട് സമീപനാളില്‍ ഫലപ്രദമായി ഉപയോഗിക്കുന്ന ബാസ്ബോള്‍ തന്ത്രത്തെ വീടുകയറി ആക്രമിച്ചായിരുന്നു ബിര്‍മിംഗ്ഹാമില്‍ ഇന്ത്യ ജയം നേടിയത്. അതിലേക്കു വഴിതുറന്നത് ആകാശ് ദീപ് നയിച്ച ഇന്ത്യന്‍ പേസര്‍മാരുടെ ന്യൂബോള്‍ ആക്രമണമായിരുന്നു. അതും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തിലാണെന്നതും ശ്രദ്ധേയം.
ബിര്‍മിംഗ്ഹാം ടെസ്റ്റില്‍ ന്യൂബോള്‍ ആക്രമണത്തിലൂടെ ഇന്ത്യ വീഴ്ത്തിയത് 15 വിക്കറ്റ്. ഈ ഘട്ടത്തില്‍ ഇംഗ്ലണ്ടിനു നേടാനായത് എട്ട് വിക്കറ്റ് മാത്രം. ഇവിടെയാണ് ഇന്ത്യന്‍ ജയത്തിന്റെ മാസ്റ്റര്‍ മൈന്‍ഡ്, 30 ഓവറിന്റെ സെഷനുകളില്‍ ഇന്ത്യ നടത്തിയ തന്ത്രപരമായ ന്യൂബോള്‍ ആക്രമണം.
ബിര്‍മിംഗ്ഹാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലെയും ആദ്യ ന്യൂബോള്‍ ആക്രമണത്തില്‍ ഇന്ത്യ വീഴ്ത്തിയത് 10 വിക്കറ്റ്, വഴങ്ങിയത് 243 റണ്‍സ്. രണ്ടാം ന്യൂബോള്‍ ഉപയോഗിച്ച 9.3 ഓവറിലായി 57 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റും. ഈ ഘട്ടത്തില്‍, ഇംഗ്ലണ്ട് രണ്ട് ന്യൂബോളിലുമായി 93 ഓവര്‍ എറിഞ്ഞെങ്കിലും നേടിയത് എട്ട് വിക്കറ്റ് മാത്രം. ന്യൂബോളില്‍ ഇന്ത്യ 300 റണ്‍സ് വഴങ്ങി 15 വിക്കറ്റ് നേടി, ഇംഗ്ലണ്ടാകട്ടെ 399 റണ്‍സിന് എട്ട് വിക്കറ്റും. ഇവിടെയാണ് ഇന്ത്യ മത്സരം ജയിച്ചതും ഇംഗ്ലണ്ട് തോറ്റതും. ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ബാറ്റിംഗ് തന്ത്രം പരാജയപ്പെട്ടദിനം.
സീം Vs സ്വിംഗ്
അതായത്, ന്യൂബോള്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ മികച്ചുനിന്നതാണ് ബിര്‍മിംഗ്ഹാമിലെ ജയത്തിനു കാരണം. ഈ കാരണത്തെ നേരത്തേ സൂചിപ്പിച്ച ലെന്‍സിലൂടെ നോക്കിയാല്‍ ഒളിച്ചിരിക്കുന്ന മറ്റൊരു രഹസ്യം വെളിപ്പെടും.
ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ കുന്തമുന സീം ബൗളിംഗ് അല്ലായിരുന്നു സ്വിംഗ് ആയിരുന്നു. എജ്ബാസ്റ്റണില്‍ പന്ത് പിച്ച് ചെയ്തശേഷം ലഭിച്ച മൂവ്മെന്റ് (സീം) ശരാശരി 0.5 ഡിഗ്രിയായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലീഷ് പേസര്‍മാരുടെ 23.6 ശതമാനം ഡെലിവറികളും ശരാശരി 0.75 ഡിഗ്രി സീം ചെയ്തു.
രണ്ടാം ഇന്നിംഗ്സില്‍ 16 ശതമാനവും. ഇന്ത്യയുടേത് 16ഉം 21.3ഉം ആയിരുന്നു. ഈ കുറവിന്റെ കാരണം ഇന്ത്യന്‍ പേസര്‍മാര്‍ സീമില്‍ അല്ലായിരുന്നു വായുവില്‍ മൂവ് ചെയ്യിക്കുന്ന സ്വിംഗിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നതാണ്.
തുടരെ പേസ് സീം എറിഞ്ഞശേഷം പേസ് കുറച്ചുള്ള സീം തന്ത്രത്തിലൂടെ ആകാശ് ദീപ് ജെയ്മി സ്മിത്തിനെ വീഴ്ത്തിയതടക്കം ഇന്ത്യയുടെ ബൗളിംഗ് ബുദ്ധി പ്രകടം.
ബുംറയുടെ അഭാവത്തിലാണ് ആകാഷ് ദീപ് പ്ലേയിംഗ് ഇലവനിലെത്തിയത്. രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റ് ആകാശ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിലെ ആറ് അടക്കം ഏഴ് വിക്കറ്റുമായി മുഹമ്മദ് സിറാജും ഇന്ത്യന്‍ പേസ് ആക്രമണത്തില്‍ നിര്‍ണായകമായി. സാങ്കേതികമായി പരാജയപ്പെട്ടെങ്കിലും പ്രസിദ്ധ് കൃഷ്ണയുടെ ബൗളിംഗും മികച്ചുനിന്നു.
ഫീല്‍ഡിംഗ് + ലോവര്‍ ബാറ്റിംഗ്
ലീഡ്സിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ കൈയില്‍നിന്നു മത്സരം വഴുതിപ്പോയതിന്റെ രണ്ടു പ്രധാന കാരണങ്ങള്‍ ഫീല്‍ഡിംഗ് പരാജയവും ലോവര്‍ ഓര്‍ഡര്‍ ബാറ്റിംഗ് ഫലംകാണാത്തതുമായിരുന്നു. ഈ രണ്ടു പ്രശ്നവും ബിര്‍മിംഗ്ഹാമില്‍ ഇല്ലായിരുന്നു. ലീഡ്സില്‍ കളിച്ച പേസ് ഓള്‍റൗണ്ടര്‍ ഷാര്‍ദുള്‍ ഠാക്കൂറിനു പകരം ബിര്‍മിംഗ്ഹാമില്‍ പ്ലേയിംഗ് ഇലവനിലെത്തിയത് ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍. ബാറ്റിംഗിലും ബൗളിംഗിലും വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിനും സംഭാവന നല്കി.
ആദ്യ ഇന്നിംഗ്സില്‍ 42ഉം രണ്ടാം ഇന്നിംഗ്സില്‍ 12 നോട്ടൗട്ടും ബാറ്റുകൊണ്ട് സുന്ദര്‍ നേടി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ബെന്‍ സ്റ്റോക്സിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്ത് വായുവില്‍ തിരിഞ്ഞതു കണ്ട് ഏവരും അദ്ഭുതപ്പെട്ടെന്നതും വാസ്തവം. രവീന്ദ്ര ജഡേജയും (89, 69 നോട്ടൗട്ട്) ലോവര്‍ ഓര്‍ഡര്‍ ബാറ്റിംഗില്‍ ബിര്‍മിംഗ്ഹാമില്‍ ഇന്ത്യക്കു കരുത്തേകി.
സ്ലിപ്പ് ഫീല്‍ഡില്‍ അണിനിരന്ന കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍, സായ് സുദര്ശന്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ നിര്‍ണായക ക്യാച്ചുകള്‍ എടുത്തു. രണ്ടാം ഇന്നിംഗ്സില്‍ ജോഷ് ടോങിനെ മിഡ് വിക്കറ്റില്‍ ഡൈവ് ചെയ്ത് പിടിച്ചതുള്‍പ്പെടെയുള്ള മുഹമ്മദ് സിറാജിന്റെ ഫീല്‍ഡിംഗും ചേര്‍ന്നപ്പോള്‍ ടീം ഇന്ത്യയോട് ജയം കൂട്ടുകൂടി.
ഗില്‍ ഈസ് കിംഗ്
സച്ചിനും കോഹ്ലിക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഐക്കണ്‍ താനാണെന്നു വീണ്ടും വീണ്ടും അടിവരയിട്ടാണ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബിര്‍മിംഗ്ഹാമില്‍ ടീമിനെ ചരിത്രജയത്തിലേക്കു കൈപിടിച്ചത്.
നായകന്റെ ഉത്തരവാദിത്തം നിര്‍വഹിച്ച് ഇന്ത്യയെ ജയത്തിലേക്കു കൈപിടിച്ച ബാറ്റിംഗാണ് ഗില്‍ കാഴ്ചവച്ചത്. ആദ്യ ഇന്നിംഗ്സില്‍ രണ്ടിന് 95 എന്ന നിലയിലായിരിക്കേ ക്രീസിലെത്തിയ ഗില്‍ 269 റണ്‍സ് സ്വന്തമാക്കി.
ജഡേജയെയും വാഷിംഗ്ടണ്‍ സുന്ദറിനെയും കൂട്ടുപിടിച്ച് ടീം ടോട്ടല്‍ 587ല്‍ എത്തിച്ചു. രണ്ടാം ഇന്നിംഗ്സില്‍ 161 റണ്‍സ്, മത്സരത്തില്‍ ആകെ നേടിയത് 430 റണ്‍സ്. മുന്നില്‍നിന്നു നയിക്കുന്ന രാജാവുള്ളപ്പോള്‍ പടയാളികള്‍ക്കും ആരാധകര്‍ക്കും ആഹ്ലാദം.
അഞ്ച് മത്സര പരമ്പര 1-1 സമനിലയിലാക്കി, മൂന്നാം ടെസ്റ്റിനായി മറ്റന്നാള്‍ (ജൂലൈ 10) ലോഡ്സില്‍ കാണാം. ബിര്മിംഗ്ഹാമിലെത്തിയ അവസ്ഥയല്ല, ജയത്തോടെ ഗില്ലിനും സംഘത്തിനും തോളില്‍ പ്രതീക്ഷാഭാരമേറെയുണ്ട്...